പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് വിജയരാഘവന് പറഞ്ഞു. കൊലപാതകം നടത്തിയത് ആര് എസ് എസ് പ്രവര്‍ത്തകരാണെന്ന് മുന്‍പ് തന്നെ സിപിഐഎം ആരോപിച്ചിരുന്നു. കൊലപാതകത്തിലൂടെയാണ് ആര് എസ് എസ് സ്വയം അടയാളപ്പെടുത്തുന്നതെന്നും കലാപമുണ്ടാക്കലാണ് അവരുടെ ലക്ഷ്യമെന്നും വിജയരാഘവന് ആഞ്ഞടിച്ചു. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് ആര്.എസ്.എസ് കൃത്യമായ ഗൂഡാലോചന പ്രകാരം നടന്ന കൊലപാതകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി സമ്മേളത്തിന്റെ പതാക ദിവസമായിരുന്നു ഇന്ന്. അന്നു തന്നെ കൊലപാതകം നടത്തിയത് വ്യക്തമായ ലക്ഷ്യത്തോട് കൂടിയാണ്. കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് ഹരിദാസനെ വെട്ടിക്കൊന്നത്. ഇത് ആര്.എസ്.എസിന്റെ ക്രൂരതയുടെ മുഖമാണ് വ്യക്തമാക്കുന്നത്. സി.പി.എം പ്രകോപനപരമായ ഒന്നുമുണ്ടാക്കിയിട്ടില്ല. അക്രമത്തിന് മുന്നില്‍ തകരുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും അദ്ദേഹം വ്യക്തമാക്കി.
അത്യന്ത്യം വേദനാജനകമായ സംഭവമാണ് ഹരിദാസന്റെ കൊലപാതകമെന്ന് വി.ശിവദാസന്‍ എം.പി പ്രതികരിച്ചു. ഹരിദാസന് യാതൊരു വിധ ക്രിമിനില്‍ പശ്ചാത്തലമില്ലാത്തയാളാണ്. കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെ കലാപം ഉണ്ടാക്കാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്നും വി.ശിവദാസന്‍ പറഞ്ഞു. ആര്.എസ്.എസ് കേരളത്തില്‍ കൊലക്കത്തി താഴെ വെച്ചിട്ടില്ല എന്നതിന് തെളിവാണ് ഈ കൊലപാതകമെന്ന് സി.പി.എം നേതാവ് പി. ജയരാന് പറഞ്ഞു. അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. ആര്.എസ്.എസ് നേതൃത്വം അറിഞ്ഞു കൊണ്ടാണ് കൊലപാതകം എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകോപനകരമായ നിരവധി സംഭവങ്ങളുണ്ടായിട്ടും സി.പി. എം വിട്ടുവീഴ്ച ചെയ്യുകയാണെന്ന് സി.പി.എം നേതാവ് ടി.വി രാജേഷ് പ്രതികരിച്ചു. പൊലീസ് സമഗ്രമായ അന്വേഷണം നടത്തണം. ആര്.എസ്.എസ് വലിയ രീതിയില്‍ ആയുധം നിര്‍മിക്കുന്നുണ്ട്. ആര്.എസ്.എസ് ഉന്നത നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്. പരിശീലനം ലഭിച്ച കൊലപാത സംഘമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.


