കൊവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ്. കണ്ണൂര്‍ ജില്ല ബി കാറ്റഗറിയിലേക്ക് മാറിയാല്‍ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കളക്ടര്‍ സര്‍വകലാശാല വിസിയോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം തള്ളിയാണ് സര്‍വകലാശാലയുടെ നീക്കം.
ഇന്നലെ മുതല്‍ കണ്ണൂര്‍ ജില്ല ബി കാറ്റഗറിയിലാണ്. ജില്ലയില്‍ കര്‍ശന നിയന്ത്രണം നില നില്‍ക്കെയാണ് തെരഞ്ഞെടുപ്പ്. പൊതു പരിപാടികളും കൂടിച്ചേരലുകളും പ്രദേശത്ത് വിലക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാപല്യത്തില്‍ വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഈ ജില്ലകളില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ട്. തീയറ്ററുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 94 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന കണക്കുകള്‍ അമ്പതിനായിരത്തിന് മുകളില്‍ തന്നെയാണ്.