നടന് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടെന്നാണ് കേസ്. എസ്പി കെ സുദര്‍ശന്റെ കൈവെട്ടണമെന്ന ദിലീപിന്റെ പരാമര്‍ശത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടില്‍വെച്ച് സഹോദരന് അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ബാലചന്ദ്രകുമാര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ശബ്ദരേഖയും ഫോണ്‍ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെ ഉടന്‍ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനിരിക്കെയാണ് ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശം ഉണ്ടെന്നായിരുന്നു ആദ്യ വെളിപ്പെടുത്തല്‍. പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പള്‍സര്‍ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
അതേസമയം, കേസില്‍ അന്വേഷണം കൊച്ചിയിലെ ഒരു റിക്കോര്‍ഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് നടത്താനാണ് പുതിയ നീക്കം. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പള്‍സര്‍ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഈ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിനെ കുറിച്ച് വ്യക്തമാക്കുന്ന സംഭാഷണം സ്വന്തം ടാബില്‍ റെക്കോര്‍ഡ് ചെയ്തത് ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.


