മലപ്പുറം: പോപുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് അടച്ചുപൂട്ടുന്നത്. ഡിസംബര്‍ 31നായിരിക്കും പത്രത്തിന്റെ അവസാന കോപ്പി പുറത്തിറക്കുക. ഇതുസബന്ധിച്ച് അന്തിമതീരുമാനമെടുത്ത തേജസ് മാനേജ്മെന്റ്, ഇക്കാര്യം ഇന്ന് തേജസ് ജീവനക്കാരെ അറിയിച്ചു. ഇതിനായി ഇന്ന് പത്രത്തിന് അവധികൊടുത്ത് മുഴുവന്‍ ജീവനക്കാരെയും കോഴിക്കോട്ടെ ഓഫിസിലേക്കു വിളിച്ചുകൂട്ടി തേജസ് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം ആണ് പ്രഖ്യാപനം നടത്തിയത്.
എഡിറ്റര്‍ എന്‍.പി ചെക്കുട്ടിയുടെ കടുത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് മാനേജ്മെന്റിന്റെ നടപടി. ദിനപത്രം അടച്ചുപൂട്ടുമെങ്കിലും നിലവില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇറങ്ങുന്ന തേജസ് ദ്വൈവാരിക വാരികയാക്കാനും ദനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് നിലനിര്‍ത്തി കൂടുതല്‍ പരിഷ്കരിക്കാനും മാനജ്മെന്റ് തീരുമാനിച്ചു.
200ലധികം ജീവനക്കാര്‍ കൂടിയാണ് പെരുവഴിയിലാവുന്നത്.
ഒരുവ്യാഴവട്ടക്കാലം മലയാളി സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട തേജസ് ദിനപത്രം അടച്ചുപൂട്ടുന്നതോടെ 200ലധികം ജീവനക്കാര്‍ കൂടിയാണ് പെരുവഴിയിലാവുന്നത്. ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കി മാന്യമായി പിരിച്ചുവിടാനും ധാരണയായി. പത്തില്‍ താഴെ ജീവനക്കാരെ പുതിയ വാരികയിലേക്കും അത്രയും തന്നെ ജീവനക്കാരെ ഓണ്‍ലൈന്‍ എഡിഷനിലും നിലനിര്‍ത്തും. പത്രംഅടച്ചുപൂട്ടുന്ന വാര്‍ത്ത നേരത്തെ തന്നെ ചോര്‍ന്നതിനെത്തുടര്‍ന്ന് ജീവനക്കാര്‍ കൊഴിഞ്ഞുപോവാനും മറ്റുസുരക്ഷിതതാവളങ്ങള്‍ തേടാനും തുടങ്ങിയിട്ടുണ്ട്. അടച്ചുപൂട്ടുന്നതു സംബന്ധിച്ച് മാനേജ്മെന്റ് നേരത്തെ തന്നെ ലേബര്‍ കമ്മിഷനറുമായി ചര്‍ച്ചനടത്തിയിരുന്നു.
1997ല്‍ മാസികയായി രൂപംകൊണ്ട തേജസ് പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിനടുത്ത് നാലുനിലവരുന്ന കെട്ടിടത്തില്‍ ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തേജസ് പ്രസിദ്ധീകരണം തുടങ്ങിയത്.
നേരത്തെ സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് എഡിഷന് ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ അടച്ചുപൂട്ടിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പത്രത്തിന് നിലവില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്.
മുവാറ്റുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതിനെത്തുടര്‍ന്ന് തീവ്രവാദത്തിനും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും തേജസിനെ പോപുലര്‍ഫ്രണ്ട് മറയാക്കുന്നുവെന്ന് ആരോപിച്ചാണ് തേജസിന് പരസ്യം നിഷേധിച്ചത്. മതമൗലിക വാദം വളര്‍ത്താന്‍ തേജസ് പത്രത്തെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ ജില്ലാ കലക്ടര്‍മാര്‍ ഇതിനു വിരുദ്ധമായ റിപോര്‍ട്ടാണ് നല്‍കിയത്. പരസ്യ നിഷേധത്തിനെതിരേ തേജസ് ജീവനക്കാര്‍ പരസ്യമായി സമര പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും ഫലംകണ്ടിരുന്നില്ല.


