മ്യാന്മര് മുന്‍ ഭരണാധികാരിയും നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സ്യൂചിയെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. പട്ടാള ഭരണ കൂടത്തിനെതിരെ പ്രവര്‍ത്തിച്ചതിനും കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് സ്യൂചിയെ ശിക്ഷിച്ചതെന്ന് സര്‍ക്കാര്‍ വക്താവിനെ ഉദ്ദരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
സെക്ഷന്‍ 505 (യ) പ്രകാരം രണ്ടു വര്‍ഷവും ദുരന്തനിവാരണ നിയമപ്രകാരം രണ്ടു വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. മുന്‍ പ്രസിഡന്റ് വിന് മിന്റിനും സമാനമായ കുറ്റങ്ങള്‍ക്ക് നാല് വര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവരെയും ഇതുവരെ ജയിലിലേക്ക് മാറ്റിയിട്ടില്ലെന്ന് വക്താവ് അറിയിച്ചു.
ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തത് മുതല്‍ 76 കാരിയായ സ്യൂചി വീട്ടുതടങ്കലിലാണ്. ഔദ്യോഗിക രഹസ്യനിയമം, തെരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റാരോപണങ്ങളും പട്ടാള ഭരണകൂടം സ്യൂചിയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും ശിക്ഷിക്കപ്പെട്ടാല്‍ സ്യൂചി പതിറ്റാണ്ടുകള്‍ ജയിലില്‍ കിടക്കേണ്ടിവരും.
കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ പട്ടാള ഭരണകൂടം വിലക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് സ്യൂചിയുടെ അഭിഭാഷകനും വിലക്കുണ്ട്. പട്ടാളം ഭരണം പിടിച്ചെടുത്തത് മുതല്‍ 1,300 പേര് കൊല്ലപ്പെട്ടതായും പതിനായിരത്തോളം പേരെ തടവിലാക്കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


