പെരുമ്പാവൂര്‍: ഒക്കല്‍ ഫാമിനെ നൂതനമായ കൃഷിരീതികള്‍ പ്രചരിപ്പിക്കുന്ന മാതൃകാ കൃഷിത്തോട്ടമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഫാമിലെ പൂര്‍ത്തീകരിച്ച വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കുവാനും അത് ബ്രാന്‍ഡ് ചെയ്യുവാനും കഴിയണമെന്നും മന്ത്രി പറഞ്ഞു. കര്ഷകന് ആയിരിക്കണം ജീവിതത്തിന്റെ കേന്ദ്രബിന്ദു അതുകൊണ്ടു തന്നെ സമൂഹം അവരെ ആദരിക്കുകയും വേണം. പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും 43.32 ലക്ഷം ചെലവഴിച്ചാണ് വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഫാമില്‍ ഉല്പാദിപ്പിക്കുന്ന അത്യുത്പാദനശേഷിയുള്ള നെല്‍ വിത്തുകളുടെയും, തൈകളും, അലങ്കാര സസ്യങ്ങളുടെയും മറ്റ് ഫാം ഉല്‍പ്പന്നങ്ങളും ആകര്‍ഷകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വാങ്ങുന്നതിനായിട്ടുള്ള സെയില്‍സ് കൗണ്ടര്‍, എം സി റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ഫാമിലേക്ക് പെട്ടെന്ന് ജനശ്രദ്ധ ലഭിക്കുന്ന തരത്തിലുള്ള പ്രവേശനകവാടം ഒപ്പം പത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ടൈല്‍ വിരിച്ച പാര്‍ക്കിംഗ് ഗ്രൗണ്ടും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഫാമില്‍ നിന്നും പ്രധാനമായും കര്‍ഷകര്‍ക്കാവശ്യമായ വിവിധ ഇനം നെല്‍വിത്തുകളാണ് ഉല്പാദിപ്പിച്ച് വിതരണം നടത്തുന്നത്. നിലവിലുള്ള പമ്പ് ഹൗസ് പുനരുദ്ധാരണം നടത്തി പില്ലര്‍ നിര്‍മ്മിച്ച് മുകളില്‍ പമ്പ് ഹൗസ് പണിയുകയും 20,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള രണ്ട് ഗ്രൗണ്ട് ലെവല്‍ കോണ്‍ക്രീറ്റ് ടാങ്കുകള്‍ പണിത് പൂര്‍ത്തീകരിച്ചു. പമ്പ് ഹൗസി നോട് ചേര്‍ന്ന് പുതിയ കിണര്‍ നിര്‍മ്മിച്ച് 20 എച്ച്പി പമ്പ് സെറ്റ് സ്ഥാപിച്ച് HDPE ലൈന്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ടാങ്കില്‍ നിറക്കുവാനും ആവശ്യാനുസരണം ഉപയോഗിച്ച് കനാലുകള്‍ വഴി പാടത്തേക്ക് തുറന്നു വിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവയൊക്കെ നെല്‍ വിത്ത് ഉല്പാദനത്തില് ഗണ്യമായ വര്‍ദ്ധനവാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങക്ക് വിഭാവനം ചെയ്ത എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറവ് ചെലവഴിച്ചുകൊണ്ട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും സാധിച്ചു. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചാലക്കുടി എം പി ബെന്നി ബെഹനാന് മുഖ്യാതിഥിയായിരുന്നു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്സ്, വൈസ് പ്രസിഡണ്ട് ഷൈനിജോര്ജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാണി കുട്ടി ജോര്‍ജ്, ജില്ല പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ശാരദ മോഹന്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പിള്ളി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീല പോള്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ ശിവരാമകൃഷ്ണന്, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍, ഫാം സൂപ്രണ്ട് ഫിലിപ് ജി ടി കാനാട്ട്,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (അഗ്രി) കെ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


