വളര്‍ത്താന്‍ ഒരു അരുമ മൃഗത്തെ വേണമെന്ന് ആഗ്രഹിച്ച് പെറുവിലെ ലീമയില്‍ താമസിക്കുന്ന ഒരു കുടുംബം വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നും ഒരു പട്ടികുട്ടിയെ വാങ്ങി നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. പെറുവിലെ ലീമയില്‍ താമസിക്കുന്ന മരിബെല്‍ സൊറ്റെലയും കുടുംബവുമാണ് അരുമ മൃഗത്തെ വാങ്ങി കുടുങ്ങിയത്. തങ്ങള്‍ക്കൊപ്പം വളര്‍ത്താന്‍ ഒരു അരുമ മൃഗത്തെ വേണം എന്ന് ഇവര്‍ തീരുമാനിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. അങ്ങനെ ലീമയിലെ ഒരു വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നും 13 ഡോളറിന് ഒരു ‘സൈബീരിയന്‍ ഹസ്കിയെ’ വാങ്ങിയത്. റണ്‍ റണ്‍ എന്നാണ് വീട്ടുകാര്‍ അതിന് പേരിട്ടത്. എന്നാല്‍ അവരെ ആ കടക്കാരന് പറ്റിച്ചതായിരുന്നു ശരിക്കും അതൊരു കുറുക്കന് കുഞ്ഞായിരുന്നു.
വാങ്ങിയ സമയത്ത് ‘സൈബീരിയന്‍ ഹസ്കി’യുടെ സ്വഭാവ വിശേഷങ്ങള്‍ ഈ കുറുക്കന് കുഞ്ഞിന് ഉണ്ടായിരുന്നു. എന്നാല്‍ വളര്‍ന്നപ്പോഴാണ് ആപത്ത് മനസിലായത് അയല്‍വക്കങ്ങളിലെ കോഴികളെയും താറാവിനെയും ഒന്നും ‘റണ്‍ റണ്‍’ വെറുതെ വിടുന്നില്ല. അവയെ പലതിനെയും ഇവന് ശാപ്പാടാക്കി. ഇതോടെ അയല്‍ വാസികള്‍ സ്ഥിരമായി മരിബെല്‍ കുടുംബത്തോട് പരാതി പറയാന്‍ തുടങ്ങി.
അല്‍പ്പം കൂടി ‘റണ്‍ റണ്‍’ വളര്‍ന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. ‘സൈബീരിയന്‍ ഹസ്കി’യുടെ രൂപം അപ്പാടെ മാറി. മെലിഞ്ഞ കാലുകളും കൂര്‍ത്ത മുഖവുമായി മാറി. അധികം വൈകാതെ താന്‍ വളര്‍ത്തിയത് ഒരു ‘ആന്‍ഡിയന്‍ ഫോക്സി’നെയാണ് എന്ന് മാരിബെല്‍ മനസിലാക്കി. സമീപത്തുള്ള ഒരു സ്ത്രീയുടെ മൂന്ന് ഗിനിപന്നികളെ റണ്‍ റണ്‍ തിന്നതോടെ കാര്യം ഗൗരവമുള്ളതായി. അതിന് പുറമേ കുറുക്കന് വരുത്തുന്ന നഷ്ടങ്ങള്‍ക്ക് എല്ലാം ഉത്തരം പറയുകയും, നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യുക എന്നത് മരിബെല്ലിന്റെ പണിയായി.
അതിനിടെയാണ് ആറ് മാസം മുന്‍പ് സ്വന്തം പേര് പോലെ തന്നെ ‘റണ്‍ റണ്‍’ വീട്ടില്‍ നിന്നും ഓടിപ്പോയി. അതുവരെ ഇത് പട്ടിയെപ്പോലെ തന്നെ പെരുമാറിയെന്നാണ് മരിബെല്‍ പറയുന്നത്. എന്തായാലും ആറു മാസത്തിന് ശേഷം പെറുവിലെ സെന്‍ഫോര്‍ വൈല്‍ഡ് ലൈഫ് സര്‍വീസ് നഗരപ്രാന്തത്തില്‍ നിന്നും റണ്‍ റണ്ണിനെ കണ്ടെത്തി കൂട്ടിലാക്കി. ഇപ്പോള്‍ റണ്‍ റണ്‍ പാര്‍ക്യൂ ഡി ലാസ് ലെയെന്‍ഡാസ് മൃഗശാലയിലാണ്.


