ബിജെപി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് പികെ കൃഷ്ണദാസ് അനുകൂല പക്ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഏകപക്ഷീയമായാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് പുനസംഘടനയെന്നും ജില്ലാ പ്രസിഡന്റുമാരെ മാറ്റിയത് മാനദണ്ഡം പാലിക്കാതെയാണെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു.
ബത്തേരി കോഴക്കേസില്‍ കെ സുരേന്ദ്രനെതിരെ പ്രതികരിച്ച സജി ശങ്കറെ മാറ്റിയത് അനീതിയാണെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു. ജെ ആര് പത്മകുമാറിനെ ട്രഷര്‍ സ്ഥാനത്തു നിന്ന് നീക്കിയത് കണക്കാവശ്യപ്പെട്ടതിനാലാണെന്നും ആരോപണം ഉയര്‍ത്തി. കൂടാതെ കെ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിനെതിരെ പരാതി നല്‍കാനും തീരുമാനമായി.
കഴിഞ്ഞ ദിവസമാണ് അഞ്ച് ജില്ലാ പ്രസഡിന്റുമരെ മാറ്റി സംസ്ഥാന ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി നടത്തിയത്. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ പ്രസിഡന്റുമാരാണ് മാറിയത്. സംസ്ഥാന സെക്രട്ടറിമാരില്‍ ചിലര്‍ക്ക് ഉപാധ്യക്ഷന്മാരായി സ്ഥാനക്കയറ്റം ലഭിച്ചു.