മോന്സണ് മാവുങ്കല്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി. മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോയത് സുഖചികിത്സയ്ക്കല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മോന്‍സണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മോന്‍സനുമായുളള പൊലീസ് ഉന്നതരുടെ ബന്ധമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നല്കി. മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികില്‍സ തേടി എന്ന് എല്ലാവര്ക്കും അറിയാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ശബരിമലയുടെ പേരിലുള്ള ചെമ്പോല സര്‍ക്കാര്‍ ദുരുപയോഗിച്ചിട്ടില്ല. മോന്‍സന്റെ പുരാവസ്തുക്കള്‍ ഡിആര്‍ഡിഒയും ആര്‍ക്കിയോളജിക്കല്‍ സര്‍വേയും അന്വേഷിക്കും.
മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ പൊലീസിനെ ന്യായീകരിക്കും മുഖ്യമന്ത്രി സംസാരിച്ചു. തട്ടിപ്പിന് പൊലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചിട്ടില്ല. ആരെങ്കിലും ചട്ടവിരുദ്ധമായി സഹായിച്ചിട്ടുണ്ടെങ്കില്‍ ഒരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്വേഷണം എത്തേണ്ടവരില്‍ എത്തും. 25 ലക്ഷം രൂപ തട്ടിപ്പ്പണം കൈമാറിയത് ഒരു പ്രമുഖന്റെ സാന്നിധ്യത്തിലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വ്യാജ ചെമ്പോല ദേശാഭിമാനിയും കൈരളിയും പ്രചരിപ്പിച്ചെന്ന് പി.ടി.തോമസ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് പറഞ്ഞു. ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ച ശേഷമാണ് മോന്‍സണിന് സുരക്ഷ നല്‍കിയത്. ലോക കേരളസഭ പ്രതിനിധിയായി ഇറ്റലിയിലെ പ്രവാസി ഇടനിലക്കാരിയുണ്ടായിരുന്നുവെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി. അന്വേഷണം വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഐ.ജി കേസില്‍ ഇടപെട്ടുവെന്നും പി.ടി തോമസ് ആരോപിച്ചു.


