കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തു കടക്കുന്നതിനുള്ള നടപടികളില്‍ സംസ്ഥാനം. നാളെ മുതല്‍ കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങും. സ്കൂളുകള്‍ തുറക്കുന്നതിനുളള നടപടി ക്രമങ്ങളും അവസാന ഘട്ടത്തിലാണ്. ഒന്നര വര്‍ഷത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ മോചിതരാകുന്നതിന്റെ ആദ്യപടി.
ഇടവേളയ്ക്ക് ശേഷം കലാലയങ്ങള്‍ വീണ്ടും സജീവമാകുന്നു. ബിരുദ, ബിരുദാനന്തര ബിരുദ വിഭാഗത്തിലെ അവസാന വര്‍ഷ ക്ലാസുകള്‍ നാളെ ആരംഭിക്കാനിരിക്കെ ഒരുക്കങ്ങളൊക്കെ അവസാന ഘട്ടത്തിലാണ്. ഒന്‍പതു മണിക്ക് ക്ളാസുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് കോവിഡ് മാനദണ്ഡങ്ങളേക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കും.
കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷന്, അല്ലെങ്കില്‍, 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ. ഇതില്‍ കോളേജ് കൗണ്‍സിലുകള്‍ക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിര്‍ദ്ദേശം.
മിക്ക കോളജുകളും 8.30 മുതലുള്ള ഒറ്റ സെഷനാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓണ്‍ലൈന്‍ ഓഫ്ലൈന് ക്ളാസുകള്‍ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിള്‍. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും.
എഞ്ചിനീയറിങ് കോളജുകളില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കാമ്പസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസുകള്‍ കേന്ദ്രീകരിച്ച് വാക്സിന് നല്കിയ ശേഷമാണ് നാളെ മുതല്‍ ക്ലാസുകള്‍ തുടങ്ങുന്നത്.
സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ മറ്റന്നാള്‍ പുറത്തിറക്കും. ഓരോ സ്കൂളിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ഇതിനായി ഉപയോഗിക്കാം. ആയുഷ് നിര്‍ദ്ദേശിച്ച ഹോമിയോ മരുന്നുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. മാര്‍ഗരേഖ ചൊവ്വാഴ്ച പുറത്തിറക്കാനുളള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.


