മൂവാറ്റുപുഴ: പോത്തിന്റെ വാല് മുറിച്ചതായി പരാതി. ചെറുവട്ടൂര്‍ കനാല്‍ ബണ്ടിന് സമീപം താമസിക്കുന്ന പൂവത്തും ചുവട്ടില്‍ അബ്ദുള്‍ സലാമിന്റെ പോത്തിന്റെ വാലാണ് സാമൂഹ്യ വിരുദ്ധര്‍ മുറിച്ചത്. ഒരു വയസ് പ്രായമുള്ള പോത്തിനെ പാടത്ത് കെട്ടിയിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 12നോട് അടുത്ത സമയത്ത് പോത്തിനെ മാറ്റി കെട്ടാനായി എത്തിയപ്പോഴാണ് വാല് മുറിച്ചിട്ടിരിക്കുന്നതായി കണ്ടത്.
മുറിച്ചിട്ടിരിക്കുന്ന വാല് ഭാഗം പാടത്തും ബാക്കി നില്ക്കുന്ന വാലില്‍ നിന്നും ചോര വീഴുന്നതുമാണ് കാണാനായത്. അമ്പതിനായിരം രൂപയോളം വില വരുന്ന പോത്തിന്റെ വാലാണ് സാമൂഹ്യ വിരുദ്ധര്‍ മുറിച്ചത്.
മിണ്ടാപ്രാണിയോട് ക്രൂരത ചെയ്ത ആളുകളെ കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പോത്തിന്റെ ഉടമ അബ്ദുള്‍ സലാം കോതമംഗലം പൊലീസില്‍ പരാതി നല്കി. വന്നിട്ടുള്ള നഷ്ടം ഇയാളില്‍ നിന്ന് ഈടാക്കിതരണമെന്നും ആവശ്യപ്പെട്ടാണ് അബ്ദുള്‍ സലാം പരാതി നല്‍കിയിരിക്കുകയാണ്.


