വാഷിങ്ടണ്‍: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കണ്ടെത്താന്‍ സഹായിച്ച ചാരന് യു.എസ്. നല്‍കുക രണ്ടരക്കോടി ഡോളര്‍ (ഏകദേശം 177 കോടി രൂപ). ഒളിത്താവളത്തില്‍ വിശ്വസ്തനായി കടന്ന് വിവരങ്ങള്‍ ചോര്ത്തിയയാള്ക്കാണ് പാരിതോഷികം ലഭിക്കുക.
സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും ബാഗ്ദാദി നീങ്ങാനിടയുള്ള വിവരങ്ങളും കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും ഇയാള്‍ അവിടെയുണ്ടായിരുന്നു.
എന്നാല്‍, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിലെ അംഗമാണെന്ന് പറയുന്നു. ഡി.എന്‍.എ. പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്തിയതും ഇയാള്‍തന്നെ.
ഐ.എസിന്റെ ആക്രമണത്തില്‍ അടുത്തബന്ധു കൊല്ലപ്പെട്ടതോടെയാണ് ഇയാള്‍ ഭീകരസംഘടനയ്ക്കെതിരേ പ്രവര്‍ത്തിക്കാനാരംഭിച്ചതെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. തുരങ്കങ്ങള്‍ നിറഞ്ഞ സ്ഥലത്ത് സുരക്ഷിതനാണെങ്കിലും കൂടുതല്‍ സുരക്ഷയ്ക്കായി സിറിയന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാനും ബാഗ്ദാദി ലക്ഷ്യമിട്ടിരുന്നതായി യു.എസ്. അധികൃതര്‍ പറയുന്നു.


