അമേരിക്കയിലെ ലൂസിയാനയില്‍ നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്. ലൂസിയാനയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ടെക്സസിലും വന്‍ നാശം വിതച്ചു.
അമേരിക്കയുടെ സമീപ കാലത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ലോറ, മണിക്കുറില്‍ 150 മൈല്‍ വേഗത്തിലാണ് വീശിയത്. ലൂസിയാനയിലും ടെക്സസിലും കനത്ത നാശം വിതക്കുകയും ചെയ്തു. ലൂസിയാനയില്‍ അഞ്ചുലക്ഷത്തിലേറെ വീടുകളിലും, ടെക്സസില്‍ ഒരുലക്ഷത്തിലേറെ വീടുകളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. കാറ്റ് ആഞ്ഞടിക്കുന്നതിന് മുമ്പ് തന്നെ തീരപ്രദേശത്തെ ആളുകളെ മാറ്റിയത് ദുരന്തത്തിന്റെ ആഴം കുറച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് ലൂസിയാനയിലെ ലിസ്വീലെയിലാണ്. വീടിന് മുകളില്‍ മരം വീണ് പതിനാലുകാരിയാണ് മരിച്ചത്. പടിഞ്ഞാറന്‍ ലൂസിയാനയില്‍ മണ്ണിടിച്ചിലില്‍ പെട്ട നാല് പേര് മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു, ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചുഴലിക്കാറ്റ് മുന്നില്‍കണ്ട് നേരത്തെ അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചിരുന്നു. ചുഴലിക്കാറ്റ് ഇനിയും ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് വരും ദിവസങ്ങളില്‍ ദുരന്ത മേഖലയിലെത്തുമെന്ന് അറിയിച്ചു. അതിനിടെ ലൂസിയാനയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ തീപിടിത്തം ആശങ്ക പരത്തി. പ്രദേശത്ത് ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് സൂചന.


