അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണമുണ്ടായെന്നും രാജ്യത്തുടനീളം അപായ സൈറനുകള്‍ മുഴങ്ങിയെന്നും ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് സ്ഥിരീകരിക്കുന്നു. ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ എംബസികളിലെയും കോണ്‍സുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനിലേക്കുള്ള ആക്രമണം അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേല്‍ – അമേരിക്ക സംയുക്ത ആക്രമണമെന്ന് സ്ഥിരീകച്ച് ട്രൂത്ത് സോഷ്യലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വീഡിയോ. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തത്.ഇറാനില്‍ പോരാട്ടം ആരംഭിച്ചതായി ട്രംപ് വീഡിയോയില്‍ വ്യക്തമാക്കി. കരാറുണ്ടാക്കാന്‍ ഞങ്ങള്‍ ആവര്‍ത്തിച്ച് ശ്രമിച്ചു. ഞങ്ങള്‍ അവരുടെ മിസൈലുകള്‍ നശിപ്പിക്കാന്‍ പോകുന്നു. അവരുടെ മിസൈല്‍ വ്യാപാരം നിലംപരിശാക്കാന്‍ പോകുന്നു. അത് പൂര്‍ണമായും ഇല്ലാതാക്കപ്പെടും. ഇറാനിലെ ആക്രമണം ഭരണമാറ്റത്തിന് എന്ന സൂചനയും ട്രംപ് നല്കി. അവസരം പ്രയോജനപ്പെടുത്തി ഭരണം പിടിക്കണമെന്ന് ഇറാനില്‍ ജനതയോട് ട്രംപ് പറയുന്നു. പിന്തുണയ്ക്കാന്‍ അമേരിക്ക ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി. ആയുധം വെച്ച് കീഴടങ്ങണമെന്നും ഇറാന് ട്രംപിന്റെ അന്ത്യശാസനമുണ്ട്.


