വാഷിങ്ടണ്‍: ഇന്ത്യന്‍ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വിട്ടയക്കണമെന്ന് എഴുത്തുകാരിയും പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പേരക്കുട്ടിയുമായ ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടു.

അഭിനന്ദനെ വിട്ടയക്കണമെന്നതാണ് താനടക്കമുള്ള പാകിസ്താന് യുവതയുടെ ആവശ്യമെന്നും ഇത് സമാധാനത്തോടും മനുഷ്യത്വത്തോടുമുള്ള നമ്മുടെ പ്രതിബദ്ധതയാണെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിലെ കോളത്തിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ഒരു ജീവതകാലം മുഴുവനും യുദ്ധത്തിന് വേണ്ടി ചെലവഴിച്ചവരാണ് ഞങ്ങള്‍. ഇനിയും പാകിസ്താന് പട്ടാളക്കാര്‍ മരിച്ചുവീഴുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ പട്ടാളക്കാരും മരിക്കരുത്. ഞങ്ങള്‍ക്ക് അനാഥരുടെ ഒരു ഉപഭൂഖണ്ഡമാകാന്‍ കഴിയില്ല- ഫാത്തിമ ഭൂട്ടോ പറഞ്ഞു.
പട്ടാള ഏകാധിപധ്യത്തിന്റെയും തീവ്രവാദത്തിന്റെയും നീണ്ട ചരിത്രമാണ് പാകിസ്താനുള്ളത്. എന്നാല്‍ ഞങ്ങളുടെ തലമുറയില്‍പ്പെട്ട പാകിസ്താനികള്‍ ഒരിക്കലും ഒരു യുദ്ധത്തിന് വേണ്ടി ആഗ്രഹിക്കുന്നില്ലെന്നും ഫാത്തിമ ഭൂട്ടോ വിശദമാക്കി. ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ത്തമനെ പാക് സൈന്യം പിടികൂടിയതിന് പിന്നാലെയായിരുന്നു സംഭവത്തില്‍ പ്രതികരിച്ച് ഫാത്തിമ ഭൂട്ടോ രംഗത്തെത്തിയത്.


