15 വയസിൽ താഴെയുള്ള കുട്ടികളിൽ സമൂഹ മാധ്യമങ്ങൾ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. കുട്ടികളിലെ അമിത സോഷ്യൽ മീഡിയ ഉപയോഗവും ,മോശം മാനസികാരോഗ്യവും കണക്കിലെടുത്താണ് പുതിയ തീരുമാനം. ബിൽ സെനറ്റിൻ്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം.
കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം സോഷ്യൽ മീഡിയ ആണെന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമുകൾക്കും വിലക്ക് ബാധകമായിരിക്കും. ലോകത്ത് ആദ്യമായി കുട്ടികളിൽ സമൂഹമാധ്യമ വിലക്ക് ഏർപ്പെടുത്തിയ ഓസ്ട്രേലിയയുടെ തീരുമാനം രാജ്യത്തും നടപ്പാക്കാൻ പോകുന്നതായും അടുത്ത അധ്യയന വർഷത്തിൽ നിയമം നടക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.നിയമം നടപ്പാക്കുന്നതിലൂടെ കൂട്ടികൾക്കിടയിൽ ഒരു പരിധി നിശ്ചയിക്കപ്പെടുന്നു. നമ്മുടെ കുട്ടികൾ അവരുടെ ദിനചര്യകൾ ചെയ്യുന്നതിൽ പോലും വലിയ വിമുഖത ഉള്ളവരായി മാറിയിട്ടുണ്ട്. മുഴുവൻ സമയവും കുട്ടികൾ സോഷ്യൽ മീഡിയ ലോകത്ത് ചിലവഴിക്കുന്നത് അവരുടെ ഉറക്കത്തെയും ,പഠനത്തെയും ,പോലും ബാധിക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിയമം നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് നിയമവിദഗ്ധൻ ലോർ മില്ലർ അഭിപ്രായപ്പെട്ടു.
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായം നിശ്ചയിക്കണമെന്ന് യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ പ്രായപരിധി സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് അതാത് രാജ്യങ്ങളാണ്. ബ്രിട്ടൻ, ഡെൻമാർക്ക്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഓസ്ട്രേലിയയുടെ സോഷ്യൽ മീഡിയ നിരോധനത്തെ പിന്തുടരാൻ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.


