പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ കവർച്ച നടത്തിയ രണ്ട് മോഷ്ടാക്കളെ പിടികൂടിയതായി റിപ്പോർട്ട്. ഫ്രെഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരാളെ പാരീസിലെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. അൾജീരിയയ്ക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. രണ്ടുപേരും ഫ്രെഞ്ച് പൗരന്മാരാണെന്നാണ് സൂചന. രണ്ടുപേരെയും ശനിയാഴ്ചയാണ് ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്.നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജിൻ ചക്രവർത്തിനിയുടെ ആഭരണങ്ങൾ ഉൾപ്പെടെ 19-ാം നൂറ്റാണ്ടിലെ രാജകുടുംബത്തിന്റെ രത്നകിരീടം, മാലകൾ, കമ്മലുകൾ എന്നിവയുൾപ്പെടെ എട്ടു അമൂല്യവസ്തുക്കളാണ് നഷ്ടമായത്. യൂജിൻ ചക്രവർത്തിയുടെ കിരീടം മ്യൂസിയത്തിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.


