മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ കുടുംബത്തിന് സഹായം നല്കാന് പാകിസ്ഥാന് അനുമതി. ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ അനുമതി തേടി പാകിസ്ഥാന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ സമീപിച്ചിരുന്നു. ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവക്കായി മാസംതോറും ഒന്നര ലക്ഷം രൂപ വീട്ടുചെലവ് നല്‍കുമെന്നാണ് പാകിസ്ഥാന് വ്യക്തമാക്കിയത്.
രക്ഷാസമിതിയുടെ നിരോധനം ഉള്ളതു കൊണ്ടാണ് പാകിസ്താന് ഇളവ് തേടി യു.എന്നിനെ സമീപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്ത് പാക് അധികൃതര്‍ സുരക്ഷാ കൗണ്‍സിലിന് കൈമാറിയത്. എതിരഭിപ്രായം ഉയരാത്ത സാഹചര്യത്തില്‍ പാക് അപേക്ഷ പരിഗണിച്ച സുരക്ഷാസമിതി പണ കൈമാറ്റത്തിന് അനുമതി നല്കി.
ഹാഫിസ് സഈദിനെ കൂടാതെ ഹാജി മുഹമ്മദ് അഷ്റഫ്, സഫര്‍ ഇഖ്ബാല്‍ എന്നിവരുടെ കുടുംബത്തിനും വീട്ടുചെലവ് കൈമാറാനും പാകിസ്താന് അനുമതി തേടിയിട്ടുണ്ട്. ഭീകരവാദി പട്ടികയില്‍പ്പെട്ട ഹാഫിസ് സഈദിന്റെ അക്കൗണ്ട് വഴി പണമിടപാടുകള്‍ നടത്തുന്നതിന് യു.എന്‍ രക്ഷാസമിതി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.


