ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദിക്ക് ജാമ്യമില്ല. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ മാസമാണ് നീരവ് മോദിയെ ലണ്ടനില്‍ വച്ച് സ്കോട്ട്ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് നീരവിനെ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹാജരാക്കിയത്. അറസ്റ്റിലായ ശേഷം വാന്ഡ്സ് വര്‍ത്ത് ജയിലിലാണ് നീരവിനെ പാര്‍പ്പിച്ചിരിക്കുന്നത്.
Fugitive Businessman Nirav Modi's bail rejected by London Court, next date of hearing in the case is May 24. (file pic) pic.twitter.com/m3Nv7vQWew
— ANI (@ANI) April 26, 2019
വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബത്ത്‍നോട്ടാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാസം 29-നും നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വീണ്ടും വാദം തുടങ്ങിയാല്‍ നീരവ് കോടതിയില്‍ വരില്ലെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
നീരവ് മോദിയുടെ സെക്യൂരിറ്റി തുകയായി പത്ത് ലക്ഷം പൗണ്ട് (ഒമ്ബത് കോടി രൂപ) കോടതിയില്‍ കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് അഭിഭാഷകര്‍ അറിയിച്ചിരുന്നു. ഒപ്പം നീരവിന്റെ ചലനങ്ങള്‍ ഇലക്ട്രോണിക് ജിപിഎസ് ഉപകരണങ്ങള്‍ വഴി കോടതിയ്ക്കും പൊലീസിനും പരിശോധിക്കാമെന്നും ആവശ്യമെങ്കില്‍ വീട്ടു തടങ്കലില്‍ വയ്ക്കാമെന്നും വരെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു നോക്കി. സോളിസിറ്റര്‍ ആനന്ദ് ദൂബെയും ബാരിസ്റ്റര്‍ ക്ലെയര്‍ മോണ്ട്ഗോമെറി എന്നിവരാണ് നീരവ് മോദിക്ക് വേണ്ടി ഹാജരായത്.


