ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ വരിക്കാറുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ളിക്സ്. എന്നാല്‍, മറ്റ് ഒ.ടി.ടി പ്ലാറ്റ്ഫോമുകള് പോലെത്തന്നെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പാസ്വേഡ് പങ്കുവയ്ക്കുന്ന ശീലം നെറ്റ്ഫ്ളിക്സ് വരിക്കാര്ക്കിടയിലുമുണ്ട്. എന്നാല്‍, അത്തരക്കാര്‍ക്ക് കമ്പനിയുടെ പണിവരുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പാസ്വേഡ് പങ്കുവയ്ക്കുന്ന ഉപയോക്താക്കള്‍ ക്രിമിനല്‍ കേസ് അടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരും. ബ്രിട്ടനിലെ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഓഫിസ് (ഐ.പി.ഒ) ആണ് ഇക്കാര്യം അറിയിച്ചത്. ‘രണ്ടാംതര പകര്‍പ്പവകാശ ലംഘനം’ ആയി പാസ്വേഡ് ഷെയറിങ്ങിനെ കണക്കാക്കുമെന്ന് ഐ.പി.ഒ സൂചിപ്പിച്ചു.
അടുത്ത വര്‍ഷം ആദ്യംമുതല്‍ പാസ്വേഡ് ഷെയറിങ്ങിന് പണം ഈടാക്കാനാണ് നെറ്റ്ഫ്ളിക്സ് നീക്കം. സ്വന്തം വീട്ടുകാരല്ലാത്ത ആളുകള്‍ക്ക് പാസ്വേഡ് പങ്കുവയ്ക്കുന്നവര്‍ക്കെതിരെ കമ്പനി നേരത്തെയും നടപടി സ്വീകരിച്ചിരുന്നു.
ഇന്റര്‍നെറ്റിലുള്ള ചിത്രങ്ങള്‍ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതും സിനിമകളും ടെലിവിഷന്‍ സീരീസുകളും തത്സമയ കായിക മത്സരങ്ങളുമെല്ലാം സബ്സ്ക്രിപ്ഷനില്ലാതെ സ്വന്തമാക്കുന്നത് പകര്‍പ്പാവകാശ ലംഘനമായി കണക്കാക്കും. ഇതിനെ കുറ്റകൃത്യമായി ഗണിച്ച് നടപടി നേരിടേണ്ടി വരുമെന്നും ഐ.പി.ഒ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ സൂചിപ്പിച്ചു.
ലോകത്തെങ്ങുമായി പത്തു കോടിയിലേറെ വീട്ടുകാര്‍ പാസ്വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരുന്നു.


