ലോസ്ഏഞ്ചലസ്: രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെ ചങ്ങലക്കിട്ട് വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടിയ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഡേവിഡ് അലന് ടര്‍പിന്‍(58) ലൂയിസ് അന്ന ടര്‍പിന്‍(50) ദമ്ബതിമാരാണ് സ്വന്തം മക്കളെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്ത കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

14 തീവ്രമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ തെളിയിക്കപ്പെട്ടത്. ലോസ്ഏഞ്ചലസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് കേസിനാസ്പദമായ സംഭവം. 2018 ജനുവരിയിലാണ് മനുഷ്യരാശിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ മക്കളോടു പെരുമാറിയ ഡേവിഡ് ടര്‍പിനെയും ഭാര്യ ലൂയിസ് ടര്‍പിനെയും കുറിച്ചു പുറംലോകം അറിയുന്നത്. പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടതോടെയാണ് 13 മക്കളെ ചങ്ങലയ്ക്കിട്ട് പൂട്ടിയ മാതാപിതാക്കളെക്കുറിച്ചു പുറം ലോകമറിയുന്നത്.
തന്റെ പന്ത്രണ്ട് സഹോദരങ്ങളെയും ശിക്ഷിക്കാനായി കട്ടിലില്‍ കെട്ടിയിട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഓടി രക്ഷപ്പെടുന്നത്. വീട്ടിലുണ്ടായിരുന്ന ഡീ ആക്റ്റിവേറ്റ് ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് എമര്‍ജന്‍സി നമ്ബറിലേക്കു ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു.തങ്ങള്‍ തുടര്‍ച്ചയായി മര്‍ദ്ദനത്തിന് ഇരയാകാറുണ്ടെന്നും ചില സമയത്ത് കഴുത്തു ഞെരിക്കുക പോലും ചെയ്യാറുണ്ടെന്നും മകള്‍ വ്യക്തമാക്കിയിരുന്നു. 17 വയസ്സുള്ള പെണ്‍കുട്ടി വീട്ടു തടവില്‍ നിന്ന് രക്ഷപ്പെട്ട് പോലീസിലറിയിച്ചതോടെയാണ് മറ്റ് 12പേരെയും പുറത്തെത്തിച്ച് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്.


