അഫ്ഗാനിസ്ഥാനില്‍ ഹെറാത്ത് പ്രവിശ്യയിലെ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുളള വിദ്യാഭ്യാസത്തിന് താലിബാന്റെ വിലക്ക്. രാജ്യത്ത് നിയന്ത്രണം സ്ഥാപിച്ച ശേഷം താലിബാന്റെ ആദ്യ നടപടിയാണിത്. താലിബാന് സഹസ്ഥാപകനായ മുല്ലാ ബാറാദര് കാബൂളിലെത്തി സര്‍ക്കാര്‍ രൂപീകരണ നീക്കം വേഗത്തിലാക്കി. അതേസമയം കാബൂള്‍ വിമാനത്താവളത്തിലേക്ക് അറിയിപ്പില്ലാതെ യാത്ര ചെയ്യരുതെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി.
സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് താലിബാന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഹെറാത്ത് പ്രവിശ്യയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്നത് വിലക്കി ഫത്വ പുറപ്പെടുവിച്ചത്. സമൂഹത്തില്‍ തിന്മകള്ക്ക് കാരണമാകുന്നവെന്ന് വ്യക്തമാക്കിയാണ് വിലക്ക്.
ഹെറാത്തിലെ കോളജുകളില്‍ വനിത അധ്യാപകര്‍ക്ക് പെണ്‍കുട്ടികള്‍ക്കായി മാത്രമേ ക്ലാസ് എടുക്കാന്‍ അനുമതിയുളളു. അധ്യാപകരുടെയും വിദ്യാഭ്യാസ സ്ഥാപന ഉടമകളുടെയും യോഗത്തിലാണ് താലിബാന് തീരുമാനം അറിയിച്ചത്. അതിനിടെ രാജ്യത്ത് ക്രമസമാധാനരംഗം നിയന്ത്രണത്തിലാക്കാനും സാമ്പത്തിക രംഗം ചലനാത്മകമാക്കാനും താലിബാന് ശ്രമം തുടങ്ങി.
പുതിയ സര്‍ക്കാര്‍ ജനാധിപത്യ സംവിധാനത്തിലാകില്ലെന്നും എന്നാല്‍ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും താലിബാന് വക്താവ് ആവര്‍ത്തിച്ചു. അതിനിടെ കാബൂളില്‍ നിന്നുളള വിവിധ രാജ്യങ്ങളുടെ രക്ഷാദൗത്യം ദുഷ്കരമായി തുടരുന്നു.
അമേരിക്കന്‍ അധികൃതരുടെ അറിയിപ്പ് ലഭിക്കാതെ ആരും കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിപ്പ് നല്കി. വിമാനത്താവള മേഖലയില്‍ സ്ഥിതി ആശങ്ക ജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.


