ലണ്ടന്‍: എയര്‍ഫീല്‍ഡില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ബ്രിട്ടനിലെ എറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് അടച്ചിട്ടത്.
760 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിമാനങ്ങള്‍ക്ക് സമീപം ഡ്രോണുകള്‍ പറത്തിയത് തീവ്രവാദ ആക്രമണമല്ലെന്നാണ് നിഗമനം.
നിരന്തരമായി വിമാനങ്ങള്‍ക്ക് സമീപം കാണുന്ന ഡ്രോണ്‍ കണ്ടെത്തുന്നത് വരെ വിമാനത്താവളം അടച്ചിടുമെന്നാണ് സൂചന. സംഭവം ഗൗരവമുള്ളതാണെന്നും, ഉടന്‍ കാരണം കണ്ടെത്താനാണ് ശ്രമമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചു. ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി യാത്രയ്ക്കിറങ്ങിയവരാണു സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.
ഗാറ്റ്വിക് വിമാനത്താവളത്തില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇവിടേക്ക് പറന്ന വിമാനങ്ങള്‍ എല്ലാം വഴി തിരിച്ചുവിട്ട് മറ്റു വിമാനത്താവളങ്ങളിലാണ് ഇറക്കുന്നത്. വിമാനത്താവളത്തിനു സമീപത്തെ എയര്‍ഫീല്‍ഡില്‍ തുടര്‍ച്ചയായി ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചത്.
വിമാനത്താവളം തുറന്നാലും സര്‍വീസുകള്‍ സാധാരണഗതിയിലാകാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സസെക്സ് പൊലീസ് ഭീകരാക്രമണ സാധ്യത ഇല്ലെന്ന് വിശദമാക്കി. സര്‍വ്വീസുകള്‍ തടസപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ചിലര്‍ നടത്തുന്ന ശ്രമങ്ങളായാണ് സംഭവത്തെ പൊലിസ് വിലയിരുത്തുന്നത്. സംഭവത്തിനു പിന്നില്‍ ആരാണെന്നു പൊലീസ് വ്യക്തമാക്കിയില്ല.