ഹേഗ്: വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്ഥാന് ജയിലിൽ കഴിയുന്ന ഇന്ത്യന്‍ പൗരന് കൂൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും അനുകൂല വിധി. കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന് കോടതിയുടെ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി.
വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്ഭൂഷണ് ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. അതേസമയം ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഈ കേസില്‍ ഇടപെടാനാവില്ലെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.
നിഷ്പക്ഷമായ രീതിയില്‍ അല്ല കുല്ഭൂഷണ് ജാദവിനെ പാകിസ്ഥാന് സൈനിക കോടതി വിചാരണ ചെയ്തതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. പാകിസ്താന് കസ്റ്റഡിയില്‍ എടുത്ത കുല്ഭൂഷണ് ജാദവിന് നയതന്ത്രസഹായം ലഭിക്കാതെ പോയി. വിയന്ന ഉടമ്പടിയിലെ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പാകിസ്താന് കുല്ഭൂഷണ് ജാദവിനെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.


