നയ്റോബി: കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. ഹോട്ടല്‍ സമുച്ചയത്തില്‍ പ്രവേശിച്ച എല്ലാ ഭീകരരെയും 20 മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം വധിച്ചതായി കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാട്ട പറഞ്ഞു.
ഒരു ഭീകരന് ചാവേര്‍ ബോംബായി പൊട്ടിത്തെറിച്ചു. എത്ര പേരാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും കറുത്ത വസ്ത്രമണിഞ്ഞ 4 ഭീകരര്‍ ഹോട്ടലിലേക്ക് ആയുധങ്ങളുമായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു. അല്‍ ഖായിദയുമായി ബന്ധമുള്ള സൊമാലിയയിലെ ഭീകരസംഘടനയായ അല്‍ ഷബാബ് ആണ് ആക്രമണത്തിനു പിന്നില്‍. 101 മുറികളുള്ള ഹോട്ടല്‍, ഭക്ഷണശാല, സ്പാ, ഓഫിസ് കെട്ടിടങ്ങള്‍ എന്നിവയടങ്ങിയ ദുസിറ്റ്ഡി2 എന്ന സമുച്ചയത്തിലാണ് ആക്രമണമുണ്ടായത്. ഏഴുനൂറോളം പേരെ ഇവിടെ നിന്നു സുരക്ഷിതമായി ഒഴിപ്പിച്ചു. ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ പലതവണ വെടിവയ്പുണ്ടായി.

