വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളുടെ ഭര്‍ത്താവ് ജാറെദ് കഷ്നറെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയായി നിയമിച്ചേക്കും. ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവായ കഷ്നര്‍ ഇപ്പോള്‍ വൈറ്റ്ഹൗസ് ഉപദേഷ്ടാവാണ്. ഇപ്പോഴത്തെ സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി ഈ വര്‍ഷാവസാനം സ്ഥാനമൊഴിയുമ്പോഴുള്ള ഒഴിവിലേക്കാണ് ആളെ തിരയുന്നത്. ഭരണത്തില്‍ പ്രകടമായ സ്വാധീനം ചെലുത്തുന്നയാളാണ് കഷ്നര്‍. 
കഷ്നറെ നിയമിക്കുമോ എന്നറിയില്ലെന്നും പ്രസിഡന്റ് നിയമിക്കുന്ന ഏതു പദവിയിലും അദ്ദേഹം ശോഭിക്കുമെന്ന കാര്യം ഉറപ്പാണെന്നും വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്സ് പറഞ്ഞു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫിസ് മേധാവി നിക്ക് ഐര്‍സ്, റിപ്പബ്ലിക്കന്‍ നേതാവ് മാര്‍ക്ക് മെഡോസ് എന്നിവരെ പരിഗണിക്കുന്നുവെന്ന് വാര്‍ത്ത വന്നെങ്കിലും ഇരുവരും പിന്മാറി.

