ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ എത്തിച്ചു. ചുഷുല്‍ മേഖലയില്‍ ചൈന 5000 സൈനികരെ കൂടി എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപത്തിന് ഇന്ത്യ ഉപാധി വച്ചു. വിദേശ നിക്ഷേപത്തിന് ദേശീയ സുരക്ഷ ഉപാധിയായി എഴുതി ചേര്‍ത്തു.
അതേസമയം, അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. മോസ്കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുക. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയും ഇന്നലെ റഷ്യ നല്കിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.
അതേസമയം, അതിര്‍ത്തിയില്‍ ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ പുനഃരാരംഭിച്ചു. അതിര്‍ത്തി കടക്കാനുള്ള ചൈനയുടെ ഏത് ശ്രമത്തെയും തടയണമെന്ന് ഫീല്‍ഡ് കമാന്‍ഡേഴ്സിന് കരസേന നിര്‍ദേശം നല്കി. അതിര്‍ത്തിയില്‍ നാല് മാസമായി തുടരുന്ന സംഘര്‍ഷത്തിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നേരിട്ട് ചര്‍ച്ച നടത്തുന്നത്.
അതിര്‍ത്തിയില്‍ നിന്ന് സമ്പൂര്‍ണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ചര്‍ച്ചയില്‍ ഇന്ത്യ അറിയിക്കും. പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും വെക്കും. പാങ്ഗോംഗ് തീരത്തെ ഇന്ത്യന്‍ സൈനിക വിന്യാസം ഒഴിവാക്കണം എന്നാകും ചൈനീസ് നിര്‍ദേശം. പ്രതിരോധ മന്ത്രിമാര്‍ക്കിടയിലുള്ള ചര്‍ച്ചയും കഴിഞ്ഞ ആഴ്ച മോസ്കോയില്‍ നടന്നിരുന്നു.


