പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും
പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. യുദ്ധസമയത്ത് ഇറാന് കപ്പലുകളില്‍ നിന്ന് ഈടാക്കിയിരുന്ന വന്‍ തുക തുടര്‍ന്നും ഈടാക്കുമോ എന്ന കാര്യത്തില്‍ ഇറാന് വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല.
അമേരിക്കയും ഇറാനും തമ്മില്‍ ഒട്ടുമിക്ക തര്‍ക്കവിഷയങ്ങളിലും ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കരാര്‍ അന്തിമമാക്കാനും പൂര്‍ത്തീകരിക്കാനുമാകുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇസ്രായേല്‍ വഴങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇറാന്റെ സൈനിക താവളങ്ങള്‍ ഇപ്പോഴും ഇസ്രായേല്‍ ലക്ഷ്യത്തിലാണ്. ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഇസ്രായേല്‍ തയ്യാറാകുമെങ്കിലും, തികഞ്ഞ അതൃപ്തിയോടെയാണ് ഇസ്രായേല്‍ ഈ നീക്കത്തെ കാണുന്നത്.


