ഹരിഷ്മയുടെയും പറവൂർ സൗത്ത് കൈതവളപ്പിൽ
സിംനുവിന്റെയും നീണ്ട പ്രണയം പൂവണിയാൻ അനാഥത്വം തടസമായില്ല.

2018 ജൂലൈ 11ന് ഉദയംപേരൂർ നടക്കാവ് ഭഗവതി ക്ഷേത്രത്തിൽ രാവിലെ 10.45 നും 11.15 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടന്ന വിവാഹ ചടങ്ങിൽ വളർത്തച്ഛനും സംരംക്ഷകനുമായ എടത്വാ വാലയിൽ ഇടിക്കുള ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുള ഹരിഷ്മയുടെ വലതുകരം വരന്റെ കരത്തിലേക്ക് പിടിച്ചു നൽകിയപ്പോൾ ആനന്ദാശ്രുക്കളാൽ ഏവരുടെയും കാഴ്ച അല്പനേരത്തേക്ക് മറച്ചെങ്കിലും ഹരിഷ്മ സനാഥയായി. തൊഴുകൈകളുമായി മനസ്സുനിറഞ്ഞ് ദൈവത്തിന് നന്ദി അർപ്പിച്ച ശേഷം സിംനു ഹരിഷ്മയുടെ കരം ഗ്രഹിച്ച് ക്ഷേത്രം പ്രദക്ഷിണം വെച്ചപ്പോൾ ശക്തമായ മഴ പോലും അല്പ സമയത്തേക്ക് മാറി നിന്നു.
നാല് വയസ് ഉള്ളപ്പോൾ ആണ് ഹരിഷ്മയെ മാതാവ് ഉപേക്ഷിച്ച് പോയത്.ചില ദിവസങ്ങൾക്കു ശേഷം പിതാവും ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.പത്രവാർത്തയിലുടെ സംഭവം വായിച്ചറിഞ്ഞാണ് ബെറാഖാ ബാലഭവൻ സ്ഥാപകൻ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള ഹരിഷ്മയെ ഏറ്റെടുത്തത്. വിദ്യാഭ്യാസം പൂർത്തികരിച്ചതിന് ശേഷം നേഴ്സിങ്ങ് പഠനം നടത്തി വരവെ ആണ് എം.കോം ബിരുദധാരിയായ സിംനുവുമായി ഉള്ള പ്രണയം മൊട്ടിട്ടത്.ഹരീഷ്മയുടെ സാഹചര്യങ്ങൾ എല്ലാം ബോധ്യപ്പെട്ട സിംനു പ്രണയ വിവരം മാതാപിതാക്കളെയും ഡോ.ജോൺസൺ വി. ഇടിക്കുളയെയും അറിയിച്ചു. ഇവരിൽ നിന്നും അനുവാദം ലഭിച്ചതോടെ വിവാഹ തീയതി നിശ്ചയിക്കുക ആയിരുന്നു.
പറവൂർ സൗത്ത് ശ്രീ യോഗേശ്വര ഓഡിറ്റോറിയത്തിൽ വെച്ച് ക്രമികരിച്ച സത്ക്കാര ചടങ്ങിൽ ജനപ്രതിനിധികൾ ,രാഷ്ട്രീയ സന്നദ്ധ സംഘടന ഭാരവാഹികൾ, പൊതുപ്രവർത്തകർ ,സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകർ ഏറ്റവും അടുത്ത ബന്ധുക്കൾ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ പങ്കെടുത്ത് ഇരുവരെയും അനുഗ്രഹിച്ച് ആശിർവദിച്ചു.
നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറിമാരായ എം.എൻ ഗിരി , ഷാജി, സംസ്ഥാന വനിതാ കോൺഗ്രസ് പ്രസിഡന്റ് പത്മ എസ് ,എറണാകുളം ജില്ലാ പ്രസിഡൻറ് കെന്നഡി കരിമ്പുംകാല,സുഹൃത്തുക്കളായ രാഹിണി,ബിന്ദു, ആതിര,വിഷ്ണു, പോൾ ,എൻ.ജെ.സജീവ്, മനോജ് അറയ്ക്കപറമ്പിൽ എന്നിവർ സ്നേഹോപകാരങ്ങളും സിംനിയുടെ സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനങ്ങളും കൈമാറി.
പ്രണയത്തിന്റെ പേരിൽ ദുരഭിമാന കൊലകൾ പോലും നടക്കുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിന് ഉത്തമ മാതൃകയായിരുന്നു ഈ വിവാഹമെന്ന് പങ്കെടുത്തവർ സാക്ഷ്യപെടുത്തുന്നു.
നിരാലംബ സമൂഹത്തിന് അത്താണിയായി സേവനം ചെയ്യുവാനാണ് ഹരീഷ്മയുടെ അഭിലാഷം.


