ഭോപ്പാല്‍: മുസ്ലിം മതത്തില്‍ പെട്ട വാര്‍ത്താ അവതാരകന്റെ മുഖത്ത് നോക്കുന്നത് ഒഴിവാക്കാന്‍ കണ്ണുകള്‍ മറച്ച് ഹിന്ദു സംഘടനാ നേതാവ്. ഒരു വാര്‍ത്താ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് ‘ഹം ഹിന്ദു'( ഞങ്ങള്‍ ഹിന്ദുക്കള്‍) എന്ന സംഘടനയുടെ നേതാവായ അജയ് ഗൗതം ഇത്തരത്തില്‍ പെരുമാറിയത്. മദ്ധ്യപ്രദേശില്‍ മുസ്ലിം മതത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ‘ഹം ഹിന്ദു’. ‘പൂര്‍ണ സ്വരാജ്യത്തിനും’ ഹിന്ദു രാഷ്ട്രത്തിനും’ വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ എന്നാണ് ഈ സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നത്. 2015ലാണ് ഈ സംഘടന നിലവില്‍ വരുന്നത്.
Hindu Leader?! I'm a Hindu and have never heard of this imbecile called Ajay Gautam. https://t.co/n0TaYwNmAY
— Brijesh Kalappa (@brijeshkalappa) August 2, 2019
ചര്‍ച്ച ലൈവായി പുരോഗമിക്കുന്നതിനിടെയാണ് ‘സൗദ് മുഹമ്മദ് ഖാലിദ്’ എന്ന് പേരുള്ള വാര്‍ത്ത അവതാരകനെ നോക്കാന്‍ വിസ്സമ്മതിച്ച് ഇയാള്‍ കണ്ണുകള്‍ മറച്ചത്. ചര്‍ച്ച നയിച്ചത് സന്ദീപ് ചൗധരി എന്ന പ്രധാന അവതാരകനാണ്. പരിപാടിയുടെ രണ്ടാമത്തെ അവതാരകനായിരുന്നു മുഹമ്മദ് ഖാലിദ്. ഗൗതമിന്റെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ ഇയാളെ ചാനലിന്റെ പരിപാടികളിലേക്ക് ക്ഷണിക്കില്ലെന്ന് വാര്‍ത്താ ചാനല്‍ തീരുമാനിച്ചിട്ടുണ്ട്. ‘സൊമാറ്റോ’ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് മുസ്ലിം ആയതിനാല്‍ ഉപഭോക്താവ് ഭക്ഷണം വേണ്ടെന്ന് വച്ച സംഭത്തെക്കുറിച്ചായിരുന്നു ചാനലിലെ ചര്‍ച്ച. അജയ് ഗൗതമിന്റെ ഈ പെരുമാറ്റത്തിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.


