ടിക്ക്ടോക്ക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ജനപ്രീതി നേടിയ ഷോര്‍ട്ട് വിഡിയോ മേക്കിംഗ് ആപ്പായ ചിംഗാരിക്ക് വന്‍ നേട്ടം. ചിംഗാരി ആപ്പ് മൂന്നു കോടി ഡൗണ്‍ലോഡുകള്‍ പിന്നിട്ടെന്ന് ആപ്പ് സഹ സ്ഥാപകന്‍ സുമിത് ഘോഷ്.
”ഞങ്ങള്‍ ഒരുക്കിയിരിക്കുന്ന അത്യാധുനിക സേവനങ്ങളാണ് ചിംഗാരിയുടെ വളര്‍ച്ചയ്ക്ക് കാരണം. വീഡിയോയും ഓഡിയോയും എഡിറ്റ് ചെയ്യുന്നതിന് മികച്ച സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിഷ്വല്‍ എഫക്ടസിനും മറ്റും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള ഫില്‍ട്ടറുകളും ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.”- സുമിത് ഘോഷ് പറഞ്ഞു.
ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ലോകത്തെ ടിക്ക്ടോക്ക് ഉപഭോക്താക്കളില്‍ 30.3 ശതമാനം ഇന്ത്യയിലായിരുന്നു.
ഇന്ത്യയില്‍ ഏകദേശം 119 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ടിക്ക്ടോക്ക്.


