ഇന്ത്യയിൽ 1500 കോടി ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ. എഐ ഹബ്ബ് യാഥാർഥ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രവും സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. യുഎസിന് പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ് ആണ് ആന്ധ്രയിൽ ഒരുങ്ങുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം ആരംഭിക്കുമെന്നും ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു.
വിശാഖപട്ടണത്താവും ഗിഗാവാട്ട് ഡാറ്റാ സെന്റർ ക്യാമ്പസ് ഗൂഗിൾ നിർമിക്കുക. ഡൽഹിയിൽ ഗൂഗിൾ സംഘടിപ്പിച്ച ഭാരത് എഐ ശക്തി പരിപാടിയിലാണ് പ്രഖ്യാപനം. ഭാവിയിൽ പദ്ധതി വികസിപ്പിക്കാൻ ഗൂഗിളിന് പദ്ധതിയുണ്ടെന്നും അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശിന്റെ മാനവ വിഭവശേഷി വികസന മന്ത്രി നര ലോകേഷ്, 1 ജിഗാവാട്ട് പദ്ധതിക്ക് 10 ബില്യൺ ഡോളർ ചെലവ് വരുമെന്ന് പറഞ്ഞിരുന്നു.
പ്രഖ്യാപനത്തിന് മുന്നോടിയായി, ഇന്ത്യയിൽ ഒരു AI ഹബ് തുറക്കുന്നതിനെക്കുറിച്ച് സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യയിലെ സംരംഭങ്ങൾക്കും ഉപയോക്താക്കൾക്കും ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ AI ഹബ് എത്തിക്കുമെന്ന് പിച്ചൈ പറഞ്ഞു.


