മൂവ്2 കേരളയുടെ ഭാഗമായി ഐടി സ്ഥാപനങ്ങളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഐടി പാര്‍ക്കുകള്‍ സര്‍വെ നടത്തുന്നു. വര്‍ക്ക് ഫ്രം ഹോം ജോലികള്‍ ഐടി മേഖലയില്‍ പുതിയ പ്രവണതയായി മാറിയ സാഹചര്യത്തിലാണ് സംരംഭകരുടെയുടെയും സ്ഥാപനങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റാനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി കേരളത്തെ ആഗോള ഡിജിറ്റല്‍ ഹബ്ബാക്കാനും ലക്ഷ്യമിട്ട് ഐടി പാര്‍ക്കുകള്‍ മുന്നോട്ടുവന്നിരിക്കുന്നത്. കേരളത്തിലേയ്ക്ക് വന്നിരിക്കുന്ന പ്രവാസികള്‍ക്കും ഇത് പ്രോത്സാഹനമേകും.
ഇതുമായി ബന്ധപ്പെട്ട് ഐടി മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നടത്തിയ ടെലികോണ്‍ഫറന്‍സില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് കാര്യക്ഷമമായ ബ്രോഡ് ബാന്‍ഡ് വിഡ്ത്ത് ഇന്റര്‍നെറ്റ് കണക്ഷന് ഉറപ്പു നല്‍കിയിരുന്നു. മനുഷ്യശേഷി സമാഹരിക്കുന്നതിനായി വര്‍ക്ക് ഷെയറിംഗ് ബെഞ്ചുകള്‍ കമ്പനികള്‍ക്ക് രൂപീകരിക്കാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ടെക്നോപാര്‍ക്ക് ആസൂത്രണം ചെയ്യുന്ന വിവിധ കൊ-വര്‍ക്കിംഗ് സ്പേസുകളില്‍ വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് ഫ്രം ഹോം സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യതയും താല്പര്യവും മനസ്സിലാക്കുന്നതിനാണ് സര്‍വെ നടത്തുന്നതെന്ന് സംസ്ഥാന ഐടി-ഇലക്ട്രോണിക്സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ കേരള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയായ കെ-ഫോണ്‍ കമ്മീഷന് ചെയ്യുന്നതിലൂടെ സംസ്ഥാന ഐടി മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കും.
പ്രകൃതി ദുരന്തങ്ങളെയും പകര്‍ച്ചവ്യാധികളെയും കാര്യക്ഷമമായി പ്രതിരോധിക്കുന്ന കേരള മോഡല്‍ ലോകമെമ്പാടും അറിയപ്പെടുന്നതാണെന്നും കേരളം ഏറ്റവും സുരക്ഷിതമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണെന്നും ഐടി പാര്‍ക്ക്സ് സിഇഒ ശ്രീ ശശി പിലച്ചേരി മീത്തല്‍ വ്യക്തമാക്കി. പാരിസ്ഥിതികവും സുസ്ഥിരവുമായ ഘടകങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നതിനാല് കേരളം വാഗ്ദാനം ചെയ്യുന്ന തൊഴിലിടങ്ങള്‍ ഏറ്റവും അനുയോജ്യവും ഉപകാരപ്രദവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവയടക്കമുള്ള കേരളത്തിലെ ഐടി പാര്‍ക്കുകള്‍ നടത്തുന്ന സര്‍വെ https://bit.ly/2UB2Ezr എന്ന ലിങ്കില്‍ ഓണ്‍ലൈനായി ലഭിക്കും.