ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ പുത്തന്‍ റെഡ്മി 9 ശ്രേണിയിയിലെ രണ്ടാമത് ഫോണും അവതരിപ്പിച്ചു. 9,999 രൂപ മുതല്‍ വിലയുമായി ഈ മാസം 4ന് വില്പനക്കെത്തിയ റെഡ്മി 9 പ്രൈം മോഡലിന് കൂട്ടായി റെഡ്മി 9 ആണ് ഷവോമി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ജൂണില്‍ ഷവോമി മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച റെഡ്മി 9ഇ ഫോണിന്റെ റീബ്രാന്‍ഡഡ് മോഡല്‍ ആണ് ഇന്ത്യയില്‍ പുതുതായെത്തിയ റെഡ്മി 9. മാത്രമല്ല കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത റെഡ്മി 8ന്റെ പിന്‍ഗാമിയാണ് പേര് സൂചിപ്പിക്കും പോലെ റെഡ്മി 9.
കാര്‍ബണ്‍ ബ്ലാക്ക്, സ്കൈ ബ്ലൂ, സ്പോര്‍ട്ടി ഓറഞ്ച് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന റെഡ്മി 9ന്റെ 64 ജിബി പതിപ്പിന് 8,999 രൂപയും, 128 ജിബി പതിപ്പിന് 9,999 രൂപയുമാണ് വില. ഈ മാസം 31ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണ്‍, എംഐ.കോം വെബ്സൈറ്റുകളിലൂടെ റെഡ്മി 9 വാങ്ങാം. അധികം താമസമില്ലാതെ ഓഫ്ലൈന് സ്റ്റോറുകള്‍ വഴിയും റെഡ്മി 9 വില്പനക്കെത്തും.
ഡ്യുവല്‍ സിം (നാനോ) സ്മാര്‍ട്ട്ഫോണ്‍ ആയ റെഡ്മി 9, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 6.53 ഇഞ്ച് എച്ച്ഡി + (720ഃ1,600 പിക്സല്‍) ഡോട്ട് വ്യൂ ഡിസ്പ്ലേയ്ക്ക് 20:9 ആണ് വീക്ഷണാനുപാതം. 4 ജിബി റാമുമായി ബന്ധിപ്പിച്ച ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി35 ടീഇ പ്രോസസ്സര്‍ ആണ് ഫോണിന്റെ കരുത്ത്.
13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്സല്‍ സെക്കന്‍ഡറി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് റെഡ്മി 9 എത്തിയിരിക്കുന്നത്. 64 ജിബി, 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനുകളില്‍ വില്പനക്കെത്തിയിരിക്കുന്ന റെഡ്മി 9ന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വര്‍ദ്ധിപ്പിക്കാം. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്/എജിപിഎസ്, മൈക്രോയുഎസ്ബി, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നിവ ചേര്‍ന്നതാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. ഫോണിന്റെ പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.


