ലോകകപ്പ് കിരീടം അര്‍ജന്റീന സ്വന്തമായി. വിജയം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ. ഖത്തര്‍ ലോകകപ്പിന്റെ കലാശപോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് മത്സരത്തിലൂടെയാണ് അര്‍ജന്റീന കപ്പില്‍ മുത്തമിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്
കാത്തിരുന്ന ആരാധകരുടെ ആഗ്രഹം പോലെ ഫ്രാന്‍സിന്റെ വലകുലുക്കി ആദ്യഗോള്‍ നേടിയതും സൂപ്പര്‍ താരം ലയണല്‍ മെസ്സി, ആദ്യപകുതിയില്‍ ആല്‍ബിസെലെസ്റ്റെകളുടെ സമ്പൂര്‍ണ ആധിപത്യം കളികളം അടക്കിവാണെങ്കിലും രണ്ടാം പകുതിയില്‍ ഫ്രാന്സിയന് പടയുടെ തീപാറും പോരാട്ടത്തിനാണ് ഖത്തര്‍ സാക്ഷ്യം വഹിച്ചത്.
രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം എംബാപ്പെ തിമിര്‍ത്താടി. മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഗോളുകള്‍ നേടിയത്. ഇതോടെ ഫ്രാന്‍സ് മത്സരത്തിലേക്ക് തിരികെ എത്തി. 80–ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനുട്ടില്‍ കിടിലന്‍ ഫിനിഷിങ്ങിലൂടെയും ബോള്‍ വലയിലെത്തിച്ച എംബാപ്പെ ഫ്രാന്‍സിന് ജീവശ്വാസം നല്കി.
അര്‍ജന്റീനയുടെ ആദ്യ ഗോള്‍.23-ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയെ ബോക്സിനകത്ത് വീഴ്ത്തിയതിന് ആല്ബിസെലെസ്റ്റെകള്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്ക് എടുക്കാന്‍ എത്തിയ മെസ്സിക്ക് പിഴച്ചില്ല. പന്ത് വലയിലേയ്ക്ക്. അര്‍ജന്റീന ഒരു ഗോളിന് മുന്നിലെത്തി.
തുടര്‍ന്നും ആക്രമണം അഴിച്ചു വിടുന്ന ആല്ബിസെലെസ്റ്റെകളെയാണ് കളിക്കളത്തില്‍ കണ്ടത്. 36-ാം മിനുട്ടില്‍ മാക് അലിസ്റ്റര്‍ നീട്ടി നല്കിയ പന്ത് തന്റെ കൃത്യതയാര്‍ന്ന ഫിനിഷിംഗ് പാഠവത്തിലൂടെ ഡി മരിയ വലയിലെത്തിച്ചു. ഗോള്‍ നേടിയ ശേഷം കണ്ണിനീര് പൊഴിക്കുന്ന ഡി മരിയയെയാണ് കളിക്കളത്തില്‍ കണ്ടത്.
അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ മിശിഹായുടെ ഗോളില്‍ വീണ്ടും അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു. പിന്നാലെ എംബാപ്പെയുടെ ഗോളില്‍ വീണ്ടും ഫ്രാന്‍സ് സമനില പിടിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ഗോളുകള്‍ കൊണ്ട് വലനിറക്കുകയായിരുന്നു.ആദ്യ പകുതിയില്‍ ഫ്രഞ്ച് പടയെ കാഴ്ച്ചക്കാരാക്കി നിര്‍ത്തി അര്‍ജന്റീനയുടെ ആധിപത്യമാണ് കാണാന്‍ സാധിച്ചത്.