നോര്‍ത്ത് സൗണ്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കൂട്ടത്തകര്‍ച്ച ഒഴിവാക്കി ഇന്ത്യ. മഴ കളി തടസപ്പെടുത്തിയ ആദ്യ ദിനത്തില്‍ സ്റ്റന്പെടുക്കുന്പോള് 203/6 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (20), രവീന്ദ്ര ജഡേജ (3) എന്നിവരാണു ക്രീസില്‍.
ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മായങ്ക് അഗര്‍വാളും കെ.എല്‍. രാഹുലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. തുടക്കം മോശമായതോടെ 25/3 എന്ന നിലയിലേക്ക് ഇന്ത്യ വീണു. മായങ്ക് അഗര്‍വാള്‍ (5) ചേതേശ്വര്‍ പുജാര (2) വിരാട് കോഹ്ലി (9) എന്നിവരാണ് പുറത്തായത്. മായങ്കിനെയും പുജാരയെയും കെമര്‍ റോച്ച് വീഴ്ത്തിയപ്പോള്‍ കോഹ്ലി ഷാനന് ഗബ്രിയേലിന് ഇരയായി.
ഇതിനു ശേഷം ഒത്തുചേര്‍ന്ന കെ.എല്‍. രാഹുലും അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഇന്ത്യ നൂറിലേക്ക് അടുക്കുന്നതിനിടെ രാഹുലിനെ പുറത്താക്കി റോസ്റ്റണ്‍ ചേസ് കൂട്ടുകെട്ട് പൊളിച്ചു. 44 റണ്‍സായിരുന്നു രാഹുലിന്റെ നേട്ടം. ഗനുമ വിഹാരിക്കൊപ്പം ഇന്നിംഗ്സ് കെട്ടിപ്പടുത്ത രഹാനെ ഇന്ത്യയെ 150 കടത്തി. ടീം സ്കോര്‍ 175-ല്‍ നില്‍ക്കെ വിഹാരി (32) യെ പുറത്താക്കി റോച്ച് വീണ്ടും ഇന്ത്യക്കു തിരിച്ചടി നല്കി.
സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്ന രഹാനെയായിരുന്നു വിന്‍ഡീസിന്റെ അടുത്ത ഇര. വ്യക്തിഗത സ്കോര്‍ 81-ല്‍ നില്‍ക്കെ ഗബ്രിയേല്‍ രഹാനെയുടെ കുറ്റി പിഴുതു. ഇതിനു പിന്നാലെ മഴയെത്തിയതോടെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. 68.5 ഓവര്‍ മാത്രമാണ് ആദ്യ ദിവസം കളി നടന്നത്.
രോഹിത് ശര്‍മ, ആര്. അശ്വിന്, വൃദ്ധിമാന്‍ സാഹ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ല. നാലു പേസര്‍മാരെയാണ് വിന്‍ഡീസ് ഉള്‍പ്പെടുത്തിയത്. ഷമര്‍ ബ്രൂക്സ് വിന്‍ഡീസിനായി അരങ്ങേറി.


