ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം മഴ മൂലം നേരത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 82 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യക്ക് ഉള്ളത്. സെഞ്ചുറി നേടി പുറത്താവാതെ നില്ക്കുന്ന അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ഇന്നിംഗ്സിനു കരുത്തായത്. ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് തുടങ്ങിയവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി.
ഓസ്ട്രേലിയയെ 195 റണ്‍സിനു പുറത്താക്കി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ദിവസം തന്നെ അഗര്‍വാളിനെ നഷ്ടമായി. കമ്മിന്‍സിനെതിരെ ഒരു ബൗണ്ടറിയടിച്ച് അരങ്ങേറ്റ ഇന്നിംഗ്സ് ആരംഭിച്ച ഗില്‍ പൂജാരയ്ക്കൊപ്പം ചേര്‍ന്ന് ആദ്യ ദിനത്തില്‍ ഇന്ത്യയെ 35 റണ്‍സിലെത്തിച്ചു. ഇടക്ക് ജീവന് ലഭിച്ച ഗില്‍ മികച്ച സ്ട്രോക്ക്പ്ലേ ആണ് കെട്ടഴിച്ചത്. എങ്കിലും ചില അലസ ഷോട്ടുകള്‍ ഇന്നിംഗ്സിലുടനീളം ഗില്‍ കളിച്ചു. രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ അത് താരത്തിനു തിരിച്ചടിയാവുകയും ചെയ്തു. രണ്ടാം വിക്കറ്റില്‍ പൂജാരയുമൊത്ത് 65 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷമാണ് യുവതാരം മടങ്ങിയത്. ഏറെ വൈകാതെ പൂജാരയുടെ പ്രൈസ് വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 17 റണ്‍സെടുത്ത താരത്തെ കമ്മിന്‍സിന്റെ പന്തില്‍ ഉജ്ജ്വലമായി പെയ്ന് പിടികൂടുകയായിരുന്നു. വിഹാരി (21) നന്നായി തുടങ്ങിയെങ്കിലും നതാന്‍ ലിയോണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിനു പിടികൊടുത്ത് മടങ്ങി.
അഞ്ചാം വിക്കറ്റിലെത്തിയ റിഷഭ് പന്തിന്റെ ആക്രമണാത്മക ബാറ്റിംഗാണ് ഓസീസിനെ ഉലച്ചത്. 29 റണ്‍സ് മാത്രമേ സ്കോര്‍ ചെയ്തുള്ളൂ എങ്കിലും ആ ഇന്നിംഗ്സ് ഇന്ത്യക്ക് മാനസികമായ ഉണര്‍വ് നല്കി. പന്തിന്റെ ഇന്നിംഗ്സ് രഹാനെയ്ക്കും ആത്മവിശ്വാസം നല്കി. അനായാസം മികച്ച സട്രോക്കുകള് ഉതിര്‍ത്ത രഹാനെ ഓസീസ് ബൗളര്‍മാരെയെല്ലാം ഫലപ്രദമായി നേരിട്ടു. 57 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ടിം പെയ്നു പിടിനല്‍കി പന്ത് മടങ്ങിയെങ്കിലും പിന്നീടെത്തിയ ജഡേജ ക്യാപ്റ്റന്‍ ഉറച്ച പിന്തുണ നല്കി. മെല്‍ബണില്‍ ഗംഭീര സ്ട്രോക്ക് പ്ലേ കെട്ടഴിച്ച ഇരുവരും അനായാസമാണ് സ്കോര്‍ ചെയ്തത്. ഇതിനിടെ രഹാനെ തന്റെ 12ആം ടെസ്റ്റ് സെഞ്ചുറിയും കരസ്ഥമാക്കി. ഇരുവരും ചേര്‍ന്ന് അപരാജിതമായ 104 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. മൂന്നാം ദിനം കളി അവസാനികുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് എടുത്തിട്ടുണ്ട്. രഹാനെക്കൊപ്പം (104) ജഡേജയും (40) പുറത്താവാതെ നില്‍ക്കുകയാണ്.


