ചെന്നൈ: അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.
നവംബറില്‍ ഒറ്റ മത്സരം മാത്രമാണ് അര്‍ജന്റീനക്ക് ഉള്ളത്. ഇത് നവംബര്‍ 14നാണെന്നും അസോസിയേഷന് പറഞ്ഞു. നവംബറില്‍ അര്‍ജന്റീന ആദ്യമെത്തുക സ്പെയിനിലേക്കാവും. അവിടെ ടീമിന് പരിശീലനമുണ്ട്. അതിന് ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയില്‍ വച്ച് സൗഹൃദ മത്സരം നടക്കും. തുടര്‍ന്ന് സ്പെയിനിലേക്ക് തിരിച്ചെത്തുന്ന ടീം നവംബര്‍ 18 വരെ പരിശീലനം തുടരും.നവംബര്‍ 18 വരെയാണ് സൗഹൃദ മത്സരങ്ങള്‍ക്കായി ഫിഫയുടെ വിന്‍ഡോയുള്ളത്. ഇതോടെ ഈ വര്‍ഷം മെസ്സിപ്പട കേരളത്തില്‍ എത്തില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.


