മൂവാറ്റുപുഴ: ഗ്രാമീണ മേഖലയിലെ യുവാക്കളുടെ ആ രോഗ്യ പരിരക്ഷയും കായിക മേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ട് കുര്യന്‍മലയില്‍ നിര്‍മിച്ച മിനി സ്റ്റേഡിയം കായിക മന്ത്രി വി. അബ്ദുള്‍ റഹ്മാന് 25 ന് നാടിന് സമര്‍പിക്കും.
70 ലക്ഷത്തോളം രൂപ ചിലവഴിച്ച് മൂവാറ്റുപുഴ നഗര സഭ ഇരുപത്തിനാലാം വാര്‍ഡിലാണ് മിനിസ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് നഗരസഭ ചെയര്‍പഴ്സണ്‍ പി.പി. എല്‍ദോസ് അറിയിച്ചു. ടര്‍ഫ് മോഡല്‍ സ്റ്റേഡിയമാണ് നിര്‍മിച്ചത്. ഗാലറി, ഫ്ലഡ് ലൈറ്റ് സംവിധാനവും ഉണ്ടാകും. നഗരസര ഉടമസ്ഥതയിലുള്ള 80 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം ഉയര്‍ന്നത്.
നേരത്തെ നഗരസഭ ബജറ്റില്‍ കുര്യന്മല മിനി സ്റ്റേഡിയത്തിനായി തുക വകയിരുത്തിയിരുന്നു.
കേരള സര്‍ക്കാരില്‍ നിന്നും 35 ലക്ഷം രൂപയും 10 ലക്ഷം രൂപ നഗരസഭ വിഹിതവും ഡീന്‍ കുര്യാക്കോസ് എം.പി. ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ. യുടെ ഫണ്ടില്‍ നിന്നു 15 ലക്ഷം രൂപയും സ്റ്റേഡിയ ത്തിനായി വിനിയോഗിച്ചു.
സമീപ പഞ്ചായത്തുകളായ വാളകം, പായിപ്ര എന്നിവിടങ്ങളിലെ യുവജനങ്ങള്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്നതിനാണ് കുര്യന് മലയില്‍ കളിക്കളം നിര്‍മിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുവാറ്റുപുഴ നഗരസഭ ചെയര്‍മാനും ആയിരുന്ന അന്തരിച്ച അഡ്വ .കെ.ആര്. സദാശിവന് നായരുടെ സ്മരണാര്‍ത്ഥം നിര്മിച്ചസ്റ്റേഡിയത്തോട് അനുബന്ധിച്ച് ടര്‍ഫ്, മഡ് കോര്‍ട്ട്, ഗാലറി, ഓഫീസ്, വിശ്രമ മുറികള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭ ചെയര്‍പഴ്സണ്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി., മാത്യു കുഴല്നാടന് എം.എല്‍.എ., മുനിസിപ്പല്‍ വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, ഉപ സമിതി അധ്യക്ഷന്മാരായ അജിമോന് അബ്ദുള്‍ ഖാദര്‍, പി.എം. അബ്ദുള്‍ സലാം, ജോസ് കുര്യാക്കോസ്, മീര കൃഷ്ണന്, നിസ അഷറഫ്, മുനിസിപ്പല്‍ സെക്രട്ടറി എച്. സിമി, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.