കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍സ് തടഞ്ഞ് പി.വി. ശ്രീനിജന് എം.എല്‍.എ. സ്പോര്‍ട്സ് കൗണ്‍സിലിന് വാടകനല്‍കിയില്ലെന്ന് പറഞ്ഞാണ് എം.എല്‍.എ. സെലക്ഷന് ട്രയല്‍സ് തടഞ്ഞത്. അണ്ടര്‍ 17 സെലക്ഷന് ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്കൂളിന്റെ ഗേറ്റ് എം.എല്‍.എ. അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ വിവിധ ജില്ലകളില്‍നിന്നായി സെലക്ഷന് ട്രയല്‍സിനെത്തിയ നൂറ് കണക്കിന് കുട്ടികള്‍ ദുരിതത്തിലായി
എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാണ് കൂടിയാണ് എം.എല്‍.എ. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കേരള ബ്ലാസ്റ്റേഴ്സ് ടീം നല്‍കാനുള്ള വാടക കുടിശ്ശികയിനത്തില്‍ എട്ട് ലക്ഷത്തിലേറെ രൂപ നല്‍കാനുണ്ട്. ഇത് നല്‍കിയില്ലെന്ന് പറഞ്ഞാണ് എം.എല്‍.എ. സ്കൂള്‍ ഗേറ്റ് പൂട്ടിയത്.
പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗൗണ്ടിലാണ് സെലക്ഷന് ട്രയല്‍സ് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്പോര്ടസ് കൗണ്‍സിലിന്റെ ഉടമസ്ഥതയിലാണ് ഗ്രൗണ്ട്. അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് പി.വി. ശ്രീനിജന് എം.എല്‍.എ. സംഭവത്തില്‍ പ്രതികരിച്ചു. രാത്രിയാവുമ്പോള്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.
‘മുന്‍കാലങ്ങളിലും സമാനസാഹചര്യം ഉണ്ടായപ്പോള്‍ ഗേറ്റ് തുറന്നുകൊടുത്തിട്ടുണ്ട്. എന്നാല്‍, നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പൂട്ടേണ്ടിവന്നത്. എട്ടുമാസത്തെ മുഴുവന്‍ തുകയാണ് കുടിശ്ശികയുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് പലതവണ കത്ത് നല്‍കിയതാണ്’, പി.വി. ശ്രീനിജന് എം.എല്‍.എ. പറഞ്ഞു.


