ഐഎസ്എല്‍ ഏഴാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു തോല്‍വി. മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുകയായിരുന്നു.
എടികെയുടെ വേഗതയ്ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സ് പരുങ്ങുന്നതാണ് ആദ്യ മിനിട്ടുകളില്‍ കണ്ടത്. മൈക്കല്‍ സൂസൈരാജും റോയ് കൃഷ്ണയും എഡു ഗാര്സ്യയുമൊക്കെ ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍മാരെ ഓടിത്തോല്‍പിച്ചു. എന്നാല്‍, 14ാം മിനിട്ടില്‍ മൈക്കല്‍ സൂസൈരാജ് പരുക്കേറ്റ് പുറത്തുപോയത് എടികെയ്ക്ക് തിരിച്ചടിയായി. പ്രശാന്തിന്റെ ഫൗളിലാണ് സൂസൈരാജിനു പരുക്കേറ്റത്. സുഭാഷിസ് ബോസ് ആണ് സൂസൈരാജിനു പകരം എത്തിയത്.
സാവധാനത്തില്‍ ബ്ലാസ്റ്റേഴ്സ് ഗോളവസരങ്ങള്‍ തുറന്നെടുത്തതോടെ മത്സരം ആവേശകരമായി. എടികെയുടെ വേഗതയ്ക്ക് ചെറുപാസുകള്‍ കൊണ്ട് മറുപടി നല്കിയ മഞ്ഞപ്പട മികച്ച കളിയാണ് കെട്ടഴിച്ചത്. എങ്കിലും ഫൈനല്‍ തേര്‍ഡിലേക്ക് എണ്ണം പറഞ്ഞ ഒരു അറ്റാക്ക് നടത്താന്‍ എടികെ ഡിഫന്‍ഡര്‍മാര്‍ ബ്ലാസ്റ്റേഴ്സിനെ അനുവദിച്ചില്ല.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് അല്പം കൂടി മികച്ചു നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് പലതവണ എടികെ ഗോള്‍മുഖം റെയ്ഡ് ചെയ്തു. മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തവെ മത്സരഗതിക്ക് പ്രതികൂലമായി എടികെ സ്കോര്‍ ചെയ്തു. മന്‍വീര്‍ സിംഗിന്റെ ക്രോസ് പൂര്‍ണമായി ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ പോയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് റോയ് കൃഷ്ണ അനായാസം ഗോള്‍ നേടി.
തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചു. സബ്സ്റ്റ്യൂട്ടുകളെ ഇറക്കി വിക്കൂന സമനില ഗോളിനു ശ്രമിച്ചെങ്കിലും എടികെ പ്രതിരോധം ഇളകിയില്ല.


