15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല എന്ന നിയമവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. രാജ്യാന്തര പുരുഷ- വനിതാ മത്സരങ്ങളിലും അണ്ടര്‍ 19 മത്സരങ്ങളിലും നിയമം ബാധകമാണ്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഐസിസി ഇക്കാര്യം വ്യക്തമാക്കിയത്.
സമീപകാലത്തായി കൗമാര താരങ്ങള്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്ന പ്രവണത ഏറിവരുന്നുണ്ട്. 16ആം വയസില്‍ ടെസ്റ്റ് ജഴ്സിയണിഞ്ഞ പാകിസ്താന്റെ നസീം ഷാ ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്താന് സ്പിന്നര്‍ മുജീബ് റഹ്മാന് രാജ്യാന്തര മത്സരത്തില്‍ അരങ്ങേറുന്നത് 16ആം വയസ്സിലാണ്.
എന്നാല്‍, 15 വയസ്സ് പൂര്‍ത്തിയാകും മുന്‍പ് രാജ്യാന്തര മത്സരം കളിച്ച ഒരു താരമേയുള്ളൂ. പാകിസ്താന്റെ ഹസന് റാസയ്ക്കാണ് ഈ റെക്കോര്‍ഡ്. 1996 ല്‍ 14 വയസുണ്ടായിരുന്നപ്പോലായിരുന്നു അദ്ദേഹം സിംബാബ്വെയ്ക്കെതിരെ കളിച്ചത്. പതിനഞ്ചാം വയസില്‍ അരങ്ങേറിയ പാകിസ്ഥാന്റെ മുഷ്താഖ് അഹമ്മദ്, ബംഗ്ലാദേശിന്റെ മൊഹമ്മദ് ഷാരിഫ് എന്നിവരാണ് ഹസന് റാസയ്ക്ക് പിന്നാലെയുള്ളത്.


