ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബ് ആര്‍ബി ലെപ്സിഗിനെയാണ് പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയത്. പിഎസ്ജിക്ക് വേണ്ടി ലയണല്‍ മെസി ഇരട്ട ഗോളുകള്‍ നേടി. കിലിയന്‍ എംബാപ്പെയാണ് പിഎസ്ജിയുടെ മൂന്നാം ഗോള്‍ നേടിയത്. ആന്ദ്രേ സില്‍വ, നോര്‍ദി മുകിയേലെ എന്നിവരാണ് ലെഗ്സിഗിന്റെ ഗോള്‍ സ്കോറര്‍മാര്‍.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 9ആം മിനിട്ടില്‍ തന്നെ പിഎസ്ജി മുന്നിലെത്തി. ജര്‍മ്മന്‍ താരം ജൂലിയന്‍ ഡ്രാക്സ്ലറുടെ അസിസ്റ്റില്‍ നിന്ന് എംബാപ്പെയാണ് പിഎസ്ജിയുടെ ആദ്യ ഗോള്‍ നേടിയത്. ഈ നീക്കത്തിന്റെ തുടക്കം മെസിയില്‍ നിന്നായിരുന്നു. ഒരു ഗോള്‍ വീണതോടെ നിരന്തരമായ തുടരാക്രമണങ്ങള്‍ നടത്തിയ ലെപ്സിഗ് 28ആം മിനിട്ടില്‍ സമനില പിടിച്ചു. 28 മിനിറ്റില്‍ ആഞ്ചലീന്യോ നല്കിയ പാസില്‍ നിന്നു ആന്ദ്ര സില്‍വയാണ് ഗോള്‍ നേടിയത്. ആദ്യ പകുതി 1-1 എന്ന സ്കോറില്‍ പിരിഞ്ഞു.
രണ്ടാം പകുതിയിലും തകര്‍പ്പന്‍ കളി കെട്ടഴിച്ച ജര്‍മന്‍ ക്ലബ് 57ആം മിനിട്ടില്‍ ഫ്രഞ്ച് ചാമ്പ്യന്മാരെ ഞെട്ടിച്ച് ലീഡെടുത്തു. ആഞ്ചലീന്യോയുടെ ക്രോസില്‍ നിന്ന് മുകിയേലെ ലെപ്സിഗിനെ മുന്നിലെത്തിച്ചു. എന്നാല്‍, 10 മിനിട്ടുകള്‍ക്കുള്ളില്‍ പിഎസ്ജി സമനില തിരിച്ചുപിടിച്ചു. എംബാപ്പെയുടെ പാസില്‍ നിന്ന് മെസി തന്റെ ആദ്യ ഗോള്‍ നേടി. 7 മിനിട്ടുകള്‍ക്ക് ശേഷം എംബാപ്പെയെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഒരു പനേക കിക്കിലൂടെ വലയിലെത്തിച്ച മെസി പിഎസ്ജിക്ക് ലീഡും ജയവും നേടിക്കൊടുക്കുകയായിരുന്നു. 93ആം മിനിട്ടില്‍ അഷ്റഫ് ഹക്കീമിയെ ബോക്സില്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി സ്കോര്‍ ചെയ്യാന്‍ എംബാപ്പെയ്ക്ക് സാധിച്ചില്ല.
ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഉക്രൈന് ക്ലബ് ഷാക്തറിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ഷാക്തറിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ വിനീഷ്യസ് ജൂനിയര്‍ റയലിനായി ഇരട്ട ഗോളുകള്‍ നേടി. റോഡ്രിഗോ, കരീം ബെന്‍സേമ എന്നിവരും റയലിനായി വല കുലുക്കിയപ്പോള്‍ ഒരെണ്ണം സെല്‍ഫ് ഗോളാണ്.