സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനക്കെതിരെ കേരളത്തിനു തോല്‍വി. ഗ്രൂപ്പ് ഇയില്‍ നടന്ന അവസാന മത്സരത്തില്‍ 4 റണ്‍സിനാണ് കേരളം ഹരിയാനയോട് അടിയറവു പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്ത ഹരിയാനക്ക് മറുപടിയായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 194 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അര്‍ദ്ധസെഞ്ചുറി അടിച്ച് സഞ്ജു സാംസണും സച്ചിന് ബേബിയും പൊരുതിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. 68 റണ്‍സെടുത്ത സച്ചിന് ബേബിയാണ് കേരളത്തിന്റെ ടോപ്പ് സ്കോറര്‍. സഞ്ജു 51 റണ്‍സ് നേടി പുറത്തായി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളത്തിന് സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് ആയപ്പോള്‍ തന്നെ ഉത്തപ്പയെ (8) നഷ്ടമായി. ടൂര്‍ണമെന്റില്‍ ഇതുവരെ ശോഭിക്കാതിരുന്ന സഞ്ജു അസ്ഹറുദ്ദീനുമായി ചേര്‍ന്നതോടെ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് എത്താന്‍ തുടങ്ങി. ഇരുവരും രണ്ടാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി. ഇതിനിടെ 28 പന്തുകളില്‍ സഞ്ജു ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ സഞ്ജുവും (51) അതേ ഓവറില്‍ തന്നെ അസ്ഹറുദ്ദീനും (35) പുറത്തായി. വിഷ്ണു വിനോദ് (10) വേഗം മടങ്ങി.
നാലാം നമ്പറില്‍ ക്രീസിലെത്തിയ സച്ചിന് ബേബി അപാര ഫോമിലായിരുന്നു. ഹരിയാന ബൗളര്‍മാരെ നാലുപാടും തല്ലിച്ചതച്ച സച്ചിന് 27 പന്തുകളില്‍ ഫിഫ്റ്റി തികച്ചു. സല്മാന് നിസാറിനെ ഒരു വശത്ത് നിര്‍ത്തി സച്ചിന് കളിച്ച ഇന്നിംഗ്സാണ് കേരളത്തെ ജയത്തിനരികെ എത്തിച്ചത്. അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരിക്കെ എട്ട് റണ്‍സ് നേടാനേ കേരളത്തിനു കഴിഞ്ഞുള്ളൂ. ആ ഓവറില്‍ സല്മാന് നിസാറിനെയും (5) കേരളത്തിനു നഷ്ടമാവുകയും ചെയ്തു. സച്ചിന് ബേബി (68) റണ്ണൗട്ടായി. അക്ഷയ് ചന്ദ്രന് (4), ജലജ് സക്സേന (1) എന്നിവര്‍ പുറത്താവാതെ നിന്നു. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഹരിയാന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കേരളം പുറത്തായി.


