ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകാന്‍ സമ്മതമറിയിച്ച് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്. ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ട്വന്റി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.
ഏറെ നാളായി ക്രിക്കറ്റ് ലോകത്ത് നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ക്കാണ് ഇതോടെ അവസാനമായത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുല്‍ ദ്രാവിഡ് എന്‍.സി.എയില്‍ നിന്ന് ഉടന്‍ സ്ഥാനമൊഴിയും.
ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ബി.സി.സി.ഐയുടെ ഓഫര്‍ ദ്രാവിഡ് മുമ്പ് പലതവണ നിരസിച്ചതാണ്. രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുന്ന ഘട്ടമായപ്പോഴും അടുത്ത പരിശീലകനായി ദ്രാവിഡ് വരണമെന്നായിരുന്നു പല കോണുകളില്‍ നിന്നുമുയര്‍ന്ന ആവശ്യം. ഇതു പരിഗണിച്ച് ബി.സി.സി.ഐ ദ്രാവിഡിനെ വീണ്ടും വീണ്ടും സമീപിക്കുകയായിരുന്നു. അപ്പോഴും ഓഫര്‍ സ്നേഹത്തോടെ നിരസിക്കുന്നുവെന്നായിരുന്നു ദ്രാവിഡിന്റെ മറുപടി.
ഇന്ത്യയുടെ ജൂനിയര്‍ ക്രിക്കറ്റ് ടീമിനായി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നായിരുന്നു ദ്രാവിഡ് സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നത്. പക്ഷേ ബിസിസിഐ രാഹുല്‍ ദ്രാവിഡ് എന്ന ദ്രോണാചാര്യരെ വിടാന്‍ തയ്യാറായിരുന്നില്ല.
ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആന്റി ക്ലൈമാക്സ് സംഭവിച്ചത്. ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതം മൂളിയ കാര്യം ബി.സി.സി.ഐ പ്രതിനിധിയാണ് ടൈംസ് ഓഫ് ഇന്ത്യയോട് അറിയിച്ചത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍. ട്വന്റി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ട്വന്റി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.


