ആവേശം അവസാന പന്തുവരെ നീണ്ടു നിന്ന ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടു വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയ ലക്ഷ്യം അവസാന പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു.
27 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 48 റണ്‍സ് എടുത്ത എബി ഡിവില്ലേഴ്സാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറില്‍ ഡിവില്ലേഴ്സ് റണ്‍ ഔട്ടായെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ (4*)ടീമിനെ വിജയത്തിലേക്കെത്തിച്ചു.
160 റണ്‍സ് തേടിയിറങ്ങിയ ബാംഗ്ലൂരിനായി വിരാട് കോഹ്ലിക്കൊപ്പം ഓപ്പണ്‍ ചെയ്ത വാഷിങ്ടണ്‍ സുന്ദര്‍ (10) തുടര്‍ന്ന് എത്തിയ രജത് പട്ടിഥാര് 8 റണ്‍സ് എടുത്ത് മടങ്ങിയതോടെ ക്രീസിലുറച്ചു നിന്ന കോഹ്ലിയും 28 പന്തില്‍ (33) ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ ഗ്ലെന്‍ മാക്സ്വെല്ലും 28 പന്തില്‍ (39) ബാംഗ്ലൂര്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. ഇരുവരും വേഗത്തില്‍ മടങ്ങുകയും ഷഹബാദ് അഹ്മദ് ഡാനിയേല്‍ ക്രിസ്റ്റല്‍ എന്നിവര്‍ ഓരോ റണ്‍സും എടുത്ത് മടങ്ങിയതോടെ ബാഗ്ലൂര് പ്രതിസന്ധിയിലായി. തുടര്‍ന്ന് ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ ഡിവില്ലേഴ്സിന്റെ ബാറ്റില്‍ നിന്നും രണ്ടു സിക്സറുകളും നാലു ബൗണ്ടറിയും പിറന്നു. അവസാന ഓവറില്‍ വിജയത്തിന് രണ്ട് റണ്‍സ് അകലെ റണ്‍ ഔട്ടായാണ് ഡിവില്ലേഴ്സ് മടങ്ങിയത്. മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും മാര്‍കോ ജാന്സറും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ അവസാന ഓവറില്‍ ബാംഗ്ലൂര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. 27 റണ്‍സിന് 5 വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലാണ് മുംബൈയെ ചുരുട്ടി കൂട്ടിയത്. നായകന് രോഹിത് ശര്‍മയ്ക്കൊപ്പം കൂറ്റനടിക്കാരന്‍ ക്രിസ് ലിന്നാണ് ഓപ്പണ്‍ ചെയ്തത്. ടീം സ്കോര്‍ 24 ല്‍ നില്‍ക്കെ 19 റണ്‍സ് എടുത്ത് രോഹിത് റണ്‍ഔട്ടായി മടങ്ങി. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും ലിന്നും അടിച്ചു തുടങ്ങിയതെയോടെ മുംബൈ സ്കോര്‍ ബോര്‍ഡിന് അനക്കം വച്ചു. കൂറ്റന്‍ സ്കോറിലേക്ക് പോകുന്നതിനിടെ സൂര്യകുമാര്‍ 23 പന്തില്‍ (49) മടങ്ങി. തുടര്‍ന്നെത്തിയവരില്‍ 28 റണ്‍സെടുത്ത ഇഷാന് കിഷനൊഴികെ മറ്റാര്‍ക്കും ഒന്നും ചെയ്യാനായില്ല. ഹാര്‍ദിക് പാണ്ഡ്യ(7) മാര്‍കോ ജെന്സണ് (0) രാഹുല്‍ ചാഹര്‍ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകള്‍.
കൈല്‍ ജാമിസണും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ മുഹമ്മദ് സിറാജ് മുംബൈയുടെ റണ്ണൊഴുക്കിന് തടയിട്ടു.


