ഇന്ത്യന്‍ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിയുടെ സഹോദരി കൊവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങള്‍ക്കു മുന്‍പ് താരത്തിന്റെ അമ്മയും കൊവിഡിനു കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചത്. വേദയുടെ മുന്‍ പരിശീലകന് ഇര്ഫാന് സെയ്ത് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
രണ്ടാഴ്ച മുന്‍പാണ് വേദയുട അമ്മ ചെലുവംബ ദേവി കൊവിഡിനു കീഴടങ്ങിയത്. 67കാരിയായ ചെലുവംബ ദേവി മരണപ്പെട്ട അതേ ദിവസമാണ് കൊവിഡിനു പിന്നാലെ ന്യൂമോണിയയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഹോദരി വത്സല ശിവകുമാറിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അമ്മ മരിച്ചു എന്നും സഹോദരി കൊവിഡ് ബാധിതയാണെന്നും വേദ തന്നെ അന്ന് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചിരുന്നു. വെന്റിലേറ്ററില്‍ ആയിരുന്ന വത്സല ഇന്ന് വൈകിട്ട് 5.45ഓടെ അന്ത്യശ്വാസം വലിക്കുകയായിരുന്നു. 42കാരിയായ ഇവര്‍ ചിക്കമംഗളൂരിലെ ഒരു ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
വേദയുടെ പിതാവും സഹോദരനും മറ്റൊരു സഹോദരിയും കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുകയും കൊവിഡ് ബാധിതരാവുകയും ചെയ്തിരുന്നു. ചിക്കമംഗളൂരിലെ കാഡൂരില് താമസിക്കുന്ന ഇവരെ വേദ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനു ശേഷം ബെംഗളൂരുവിലേക്ക് മടങ്ങിയ താരം സ്വയം ഐസൊലേറ്റ് ചെയ്തു. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു.
ഇന്ത്യക്കായി 48 ഏകദിന മത്സരങ്ങളും 76 ടി-20 മത്സരങ്ങളും കളിച്ച താരമാണ് വേദ. മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തുന്ന താരം മികച്ച ഫീല്‍ഡര്‍ കൂടിയാണ്.


