അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി ലയണല്‍ മെസി സ്പാനിഷ് ക്ലബായ ബാഴ്സലോണയില്‍ തുടരും. ‘ബാഴ്സയില്‍ തുടരാന്‍ തനിക്ക് താല്പര്യമില്ലെങ്കിലും നിയമപ്രശ്നങ്ങള്‍ കാരണം ക്ലബ് വിടുന്നില്ല. ബാര്‍തമ്യൂ നയിക്കുന്ന ക്ലബ് മാനേജ്മെന്റ് ദുരന്തമാണ്” – അന്താരാഷ്ട്ര ഫുട്ബാള്‍ വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോമിന് വെള്ളിയാഴ്ച നല്കിയ അഭിമുഖത്തില്‍ മെസി തുറന്നടിച്ചു.
”ഞാനിവിടെ സന്തോഷവാനായിരുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോകണമായിരുന്നു. ഭാര്യയോടും മക്കളോടും ഞാന്‍ ക്ലബ് വിടുകയാണെന്ന് പറഞ്ഞപ്പോള്‍ അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. എന്റെ കുടുംബം മുഴുവന്‍ കരയാന്‍ തുടങ്ങി. മക്കള്‍ ബാഴ്സലോണ വിടാനോ സ്കൂള്‍ മാറാനോ തയ്യാറായിരുന്നില്ല. പക്ഷേ, എനിക്ക് ക്ലബ് വിടണമെന്ന് തന്നെയായിരുന്നു. പക്ഷേ, ക്ലബുമായി ഒരു നിയമയുദ്ധത്തിന് എനിക്ക് താത്പര്യമില്ല. ക്ലബ് മാനേജ്മെന്റും പ്രസിഡന്റ് ബാര്‍തോമ്യുവും ഒരു ദുരന്തമാണ്. എനിക്ക് ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ക്ലബ് വിടണമെങ്കില്‍ 700 മില്ല്യണ്‍ യൂറോ നല്‍കണമെന്നാണ് മാനേജ്മെന്റ് പറയുന്നത്. സീസണ് അവസാനം വരെ നിന്നിട്ട് പോകാന്‍ പ്രസിഡന്റ് പറയുന്നു. ഞാന്‍ ജൂണ്‍ 10നു മുന്‍പ് ഇക്കാര്യം പറഞ്ഞില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. പക്ഷേ, കൊവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ 10ന് ഞങ്ങള്‍ ലാ ലിഗ കളിക്കുകയായിരുന്നു”- മെസി പറഞ്ഞു.
ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചിരുന്നു. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍. എന്നാല്‍, സീസണ് അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയായിരുന്നു.
എന്നാല്‍, ജൂണില്‍ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു എന്ന് ക്ലബ് പറയുന്നു. അതുകൊണ്ട് തന്നെ താരത്തിനു ഫ്രീ ഏജന്റായി ക്ലബ് വിടാന്‍ കഴിയില്ല എന്നും ബാഴ്സലോണ അറിയിച്ചു. ഇതിനു പിന്നാലെ മെസിയെ ലഭിക്കണമെങ്കില്‍ ക്ലബുകള്‍ 700 മില്ല്യണ്‍ യൂറോ റിലീസ് ക്ലോസ് നല്‍കണമെന്ന് ലാലിഗ ഗവേണിംഗ് ബോഡി അറിയിക്കുകയും ചെയ്തു.
എന്നാല്‍, കൊവിഡ് ഇടവേള വന്നതുകൊണ്ട് ഈ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുമെന്നാണ് മെസിയുടെ അഭിഭാഷകന് പറയുന്നത്. ഇതിനു പിന്നാലെയാണ് താന്‍ ക്ലബില്‍ തുടരുന്നതായി മെസി അറിയിച്ചത്. മെസി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്ന് കനത്ത അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.


