അമ്മയും സഹോദരിയും കൊവിഡ് ബാധിച്ച് മരണപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി വേദ കൃഷ്ണമൂര്‍ത്തി. മാനസികമായി താന്‍ ആകെ തകര്‍ന്നുപോയി എന്ന് വേദ പറഞ്ഞു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കുന്നുണ്ടെന്നും സാവധാനത്തില്‍ വിഷമത്തില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുകയാണെന്നും വേദ പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വേദ ഇക്കാര്യം വ്യക്തമാക്കിയത്.
”വിധിയില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. സഹോദരി വീട്ടിലേക്ക് തിരികെ വന്നുമെന്ന് ഞാന്‍ ശരിക്കും കരുതി. പക്ഷേ, വന്നില്ല. ഞാന്‍ ആകെ തകര്‍ന്നു പോയി. ഞങ്ങള്‍ എല്ലാവരും വളരെ വിഷമത്തിലായി. പക്ഷേ, മറ്റ് കുടുംബാംഗങ്ങള്‍ക്കു വേണ്ടി ഞാന്‍ കൂടുതല്‍ ധൈര്യം കാണിക്കേണ്ടിയിരുന്നു.”- വേദ പറഞ്ഞു.
മാനസികാരോഗ്യം സുപ്രധാനമാണെന്നും വേദ പറഞ്ഞു. മരണപ്പെടുന്നതിനു മുന്‍പ് സഹോദരിക്ക് പാനിക്ക് അറ്റാക്കുകള്‍ ഉണ്ടായിരുന്നു. അമ്മയ്ക്കും പാനിക്ക് അറ്റാക്കുകള്‍ ഉണ്ടായിക്കാണും. കാരണം, മരണപ്പെടുന്നതിനു മുന്‍പത്തെ രാത്രിയിലാണ് കുടുംബത്തിലെ കുട്ടികളടക്കമുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചതായി അമ്മ അറിഞ്ഞത്. അത് അമ്മയുടെ മരണത്തിനു കാരണമായിട്ടുണ്ടാവാമെന്നും വേദ പറഞ്ഞു.
രണ്ടാഴ്ചക്കിടെയാണ് വേദയുടെ അമ്മയും സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യക്കായി മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തുന്ന താരം മികച്ച ഫീല്‍ഡര്‍ കൂടിയാണ്.


