വിവാദമായ അമ്പയേഴ്സ് കോള്‍ നിയമത്തില്‍ മാറ്റവുമായി ഐസിസി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ നയിക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മറ്റിയാണ് നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. അമ്പയേഴ്സ് കോളുമായി ബന്ധപ്പെട്ട് ഏറെക്കാലമായി തുടരുന്ന വിവാദങ്ങള്‍ക്ക് ഒരു പരിഹാരം എന നിലയിലാണ് പുതിയ മാറ്റം. പുതിയ നിയമത്തില്‍ ബൗളര്‍മാര്‍ക്കാണ് നേട്ടം ലഭിക്കുക.
ലെഗ് ബിഫോര്‍ വിക്കറ്റുകളിലെ അമ്പയേഴ്സ് കോളിലാണ് ഇനി മാറ്റം വരിക. വിക്കറ്റ് സോണ്‍ മാര്‍ജിനില്‍ ക്രിക്കറ്റ് കമ്മറ്റി മാറ്റം വരുത്തി. നേരത്തെ, ബോള്‍ ട്രാക്കിംഗില്‍ പന്ത് ബെയില്സ് ഉള്‍പ്പെട്ട സ്റ്റമ്പിന്റെ മുകള്‍ ഭാഗത്താണ് കൊള്ളുന്നതെങ്കില്‍ അത് അമ്പയേഴ്സ് കോളില്‍ ഉള്‍പ്പെടുമായിരുന്നു. ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചാല്‍ അത് നോട്ടൗട്ടായി തുടരുകയും ഔട്ട് വിളിച്ചാല്‍ മാത്രം അത് ഔട്ടാവുകയും ചെയ്യും.
എന്നാല്‍, പുതിയ നിയമത്തില്‍ സ്റ്റമ്പിന്റെ മുകള്‍ ഭാഗം കൂടി വിക്കറ്റ് സോണിന്റെ പരിധിയില്‍ വരും. അതായത്, പന്ത് ബെയില്സിലോ മുകള്‍ ഭാഗത്തോ കൊള്ളുകയാണെങ്കില്‍ അമ്പയേഴ്സ് കോള്‍ എന്തായാലും ബൗളര്‍ക്ക് വിക്കറ്റ് ലഭിക്കും.


